കൗമാര കുതിപ്പിന് സമാപനം; ചിറ്റാരിക്കൽ സബ്ജില്ലക്ക് ചാമ്പ്യൻപട്ടം
text_fieldsനീലേശ്വരം: കൗമാര പ്രതിഭകളുടെ കായിക കുതിപ്പിന് രണ്ടുനാൾ സാക്ഷ്യം വഹിച്ച ജില്ല കായികമേളയിൽ 234 പോയന്റ് നേടി ചിറ്റാരിക്കൽ സബ്ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 32 സ്വർണവും 21 വെള്ളിയും 11 വെങ്കലവും നേടിയാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്.127 പോയന്റുമായി ചെറുവത്തൂർ സബ്ജില്ല റണ്ണേഴ്സ് അപ്പായി. 17 സ്വർണവും 12 വെള്ളിയും ആറു വെങ്കലവും നേടിയാണ് രണ്ടാം സ്ഥാനം നേടിയത്.
126 പോയന്റ് നേടി കാസർകോട് സബ്ജില്ല മൂന്നാം സ്ഥാനം നേടി. 14 സ്വർണവും 12 വെള്ളിയും 20 വെങ്കലവുമാണ് മൂന്നാം സ്ഥാനക്കാർ നേടിയത്. ഹോസ്ദുർഗ് 123, മഞ്ചേശ്വരം 62, കുമ്പള 58, ബേക്കൽ 44 വീതവും പോയന്റ് നേടി.
ജില്ല കായിക മേളയിൽ 26 സ്വർണവും 12 വെള്ളിയും നാല് വെങ്കലവും നേടി 170 പോയന്റുമായി സ്കൂൾ തലത്തിൽ സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലാവയൽ ഒന്നാം സ്ഥാനം നേടി. ആറു സ്വർണം, ഏഴ് വെള്ളി, ആറ് വെങ്കലവുമായി 57 പോയന്റുള്ള കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് സ്കൂൾ രണ്ടാം സ്ഥാനവും ആറ് സ്വർണവും മൂന്ന് വെള്ളിയും നേടി ചീമേനി ഗവ. ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം
നീലേശ്വരം: ജില്ല സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, കാസർകോട് ഡി.ഡി.ഇ എൻ. നന്ദികേശൻ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, കെ. പ്രഭാകരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ടി. റോയി എന്നിവർ സംസാരിച്ചു.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എൻ.എം. ഷുക്കൂർ നന്ദിയും പറഞ്ഞു. ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് മേളക്ക് ആതിഥ്യമരുളിയത്.
ഷുക്കൂർ മാഷും കുട്ട്യോളും ജോറാണ്
നീലേശ്വരം: കായിക അധ്യാപകനായ അബ്ദുൽ ഷുക്കൂറിന്റെ ശിഷ്യൻമാർ ഇത്തവണ ജില്ല കായിക മേളയിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി ഗുരുദക്ഷിണ കെങ്കേമമാക്കി. കാസർകോട് പരവനടുക്കം ജി.എം.ആർ.എച്ച്.എസ്.എസ് സ്കൂളിലെ കായികാധ്യാപകനായ ഷൂക്കൂർ തന്റെ ശിഷ്യഗണങ്ങളെ ചിട്ടയായി പരിശീലിപ്പിച്ചാണ് മെഡൽ കൊയ്തെടുക്കാൻ പ്രാപ്തരാക്കിയത്.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച എ. അരുണിമ 500, 300 മീറ്റർ ഓട്ടത്തിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി. സബ് ജൂനിയർ വിഭാഗത്തിൽ വി. ശ്രീനന്ദന ഹൈജംപിൽ സ്വർണവും 110 ഹർഡ്ൽസിൽ വെങ്കലവും നേടി. സീനിയർ വിഭാഗത്തിൽ വി.കെ. വിഷിത ലോങ് ജംപിൽ സ്വർണവും 400 മീറ്റർ ഹർഡ്ൽസിൽ വെങ്കലവും നേടി.
ജൂനിയർ വിഭാഗത്തിൽ ജാവലിൻ ത്രോയിൽ മഹിത മാധവൻ സ്വർണമണിഞ്ഞു. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ആർ. രേവതിക്ക് സ്വർണം ലഭിച്ചു. 16 വർഷത്തോളമായി കായിക അധ്യാപകനായി ജോലി ചെയ്യുന്ന അബ്ദുൽ ഷുക്കൂർ തൃക്കരിപ്പൂർ സ്വദേശിയാണ്.
കിതപ്പില്ലാത്ത ഇജാസിന് ദീർഘദൂര ഓട്ടത്തിൽ മൂന്നിലും സ്വർണം
നീലേശ്വരം: ഈ കൗമാര താരത്തിന് ഓട്ടത്തിന്റെ ദൂരം ഒരു പ്രശ്നമേയല്ല. കാരണം എത്ര ഓടിയാലും കിതപ്പ് ഒരു പ്രശ്നക്കാരനല്ലാത്തതിനാൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണം ഓടിയെടുത്തു. പാലാവയൽ സെൻന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എം. ഇജാസാണ് ഈ ഭാവി താരം.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൻ 3000, 800, 1500 മീറ്റർ ഓട്ടത്തിലാണ് ഇജാസ് അനായാസേന ഒന്നാം സ്ഥാനം നേടി കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായത്. തന്റെ ഇനത്തിൽ മത്സരിച്ച എല്ലാവരെയും പിന്തള്ളി അതിവേഗത്തിലാണ് റൗണ്ട് പൂർത്തീകരിച്ചത്. രണ്ടാം സ്ഥാനം നേടിയ കുട്ടി ഒരു റൗണ്ട് പൂർത്തിയാക്കാൻ ബാക്കിയുള്ളപ്പോൾ ഇജാസ് തന്റെ റൗണ്ട് നേരത്തെ പൂർത്തിയാക്കി സ്വർണമണിഞ്ഞു. പുളിങ്ങോമിലെ ബഷീർ -ദജീമ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.