കൗമാരക്കുതിപ്പിന് വിരാമം; ചില്ലറക്കാരല്ല ചിറ്റാരിക്കാൽ
text_fieldsനീലേശ്വരം: അറുപത്തി ആറാമത് ജില്ല കായികമേളക്ക് വിരാമം. 21 മുതൽ 23 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ചായ്യോത്ത് ജി.എച്ച്.എസ്.എസ് ആദിത്യമരുളിയ കൗമാരക്കുതിപ്പിന് ബുധനാഴ്ച വിരാമമായപ്പോൾ തുടർച്ചയായി രണ്ടാമതും ചിറ്റാരിക്കാൽതന്നെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. 27 സ്വർണവും 14 വെള്ളിയും 13 വെങ്കലവും നേടി 204 പോയന്റ് കരസ്ഥമാക്കിയാണ് ഇത്തവണയും ചിറ്റാരിക്കാൽ ഉപജില്ല ട്രോഫി നിലനിർത്തിയത്. 19 സ്വർണവും 19 വെള്ളിയും 10 വെങ്കലവും നേടി 167 പോയന്റുമായി രണ്ടാമതായി ശക്തി തെളിയിച്ചത് ചെറുവത്തൂർ ഉപജില്ലയാണ്. 12 സ്വർണവും 17 വെള്ളിയും 20 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് എത്തിയത് കാസർകോട് ഉപജില്ലയാണ്.
അതേസമയം, ഹോസ്ദുർഗ് ഉപജില്ലയിലെ ദുർഗ എച്ച്.എസ്.എസ് സ്കൂളുകളിൽ അഞ്ചു സ്വർണവും 10 വെള്ളിയും ഏഴു വെങ്കലവുമായി 62 പോയന്റോടെ മിന്നിത്തെളിഞ്ഞു. പിന്നിൽ എട്ടു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി 51 പോയന്റോടെ ജി.എച്ച്.എസ്.എസ് കുട്ടമത്ത് രണ്ടാം സ്ഥാനത്തും അഞ്ചു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവുമായി 45 പോയന്റോടെ ജി.എച്ച്.എസ്.എസ് ഉപ്പള മൂന്നാം സ്ഥാനവും നേടി.
ഒന്നാം ക്ലാസിലേക്ക് നടന്ന് 3000ത്തിൽ ഒന്നാമതെത്തി
നീലേശ്വരം: ഒന്നാം ക്ലാസിൽ ബന്തടുക്ക ജി.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ നടന്നു തുടങ്ങിയതാണ് ഇന്ന് 3000 മീറ്ററിൽ ഒന്നാമതെത്തി നിൽക്കുകയാണ്. 66ാമത് ജില്ല കായിക മേളയിലാണ് അഷിത ആനന്ദൻ ഒന്നാമതായി നടന്നു നേടിയത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നടത്തം തുടങ്ങിയതാണ്. അന്ന് മൂന്ന് കിലോമീറ്ററോളമാണ് നടന്നത്. ഇന്നത് 3000 നേട്ടംകൊയ്ത് അഷിതയുടെ നടത്തം തുടരുകയാണ്.
സീനിയർ ഗേൾസ് 3000 മീറ്റർ നടത്തത്തിലാണ് അഷിത ഒന്നാമതായി ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ രണ്ടാമതായിരുന്നു. ഒന്നു മുതൽ 10 വരെ ബന്തടുക്കയിലും തുടർന്ന് ജി.എം.ആർ.എച്ച്.എസ്.എസ് പരവനടുക്കം പ്ലസ് വണിനും പഠിക്കുവാണ്. പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിയായ അഷിതയുടെ പരിശീലകൻ അബ്ദുൽ ശുക്കൂർ മാഷാണ്. കൂലിപ്പണിയെടുത്ത് മകൾക്ക് പിന്തുണയുമായി പിതാവ് ആനന്ദനും മാതാവ് രാജേശ്വരിയുമുണ്ട്. സഹോദരൻ അഭിജിത് ബന്തടുക്ക പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.