കാൽ കുടുങ്ങരുതേ...
text_fieldsനീലേശ്വരം: നഗരത്തിൽ രാജാ റോഡരികിലുള്ള ഓവുചാൽ സ്ലാബിന്റെ മുകളിൽക്കൂടി നടക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കാൽ കുടുങ്ങും. പലയിടത്തും സ്ലാബുകൾക്കിടയിൽ വിള്ളലുകളായ സ്ഥിതിയാണ്.
ചിലയിടങ്ങളിലെ സ്ലാബുകൾ ഉയർന്ന് താഴ്ന്നുകിടക്കുന്ന അവസ്ഥയാണ്. ആളുകൾ നടന്നുപോകുമ്പോൾ സ്ലാബ് നിരപ്പല്ലാത്തതിനാൽ വലിയ ശബ്ദം കേൾക്കും. നീലേശ്വരം ഗ്യാസ് ഏജൻസി മുതൽ പടിഞ്ഞാറുഭാഗത്തെ സ്ലാബുകളെല്ലാം വലിയ അപകട ഭീഷണിയുയർത്തി നിൽക്കുന്നു. ഈ ഭാഗത്തെ സ്ലാബുകളിൽ കൂടി നടന്നു പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കാലു കുടുങ്ങി പരിക്കുപറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ഗ്യാസ് ഏജൻസിക്ക് സമീപത്തെ അപകട സ്ലാബുകൾ നഗരസഭ ഇടപെട്ട് ശരിയാക്കണമെന്നാണ് ജനങ്ങൾ പറയുന്നത്. ഉയർന്നുനിൽക്കുന്ന സ്ലാബുകൾ ക്രമം തെറ്റിയും കിടക്കുന്നു. ഓവുചാലിന് മുകളിൽ കൂടി മാത്രമേ നടന്നുപോകാൻ കഴിയുകയുള്ളൂ. മാത്രമല്ല, റോഡിനോട് ചേർന്ന് പഴയ കെട്ടിടമുള്ളതിനാൽ കാൽനടക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നടന്നുപോകാൻ ഒരു വഴിയുമില്ല. അമിതവേഗത്തിൽ വരുന്ന വാഹനങ്ങളും കാൽനടക്കാർക്ക് ഭീഷണിയാണ്.
മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ ഓവുചാൽ സ്ലാബ് നിരപ്പായി കിടക്കുന്നില്ല. അതുപോലെ ടെലിഫോൺ എക്സ്ചേഞ്ചിന് എതിർവശത്തുള്ള സ്ലാബുകളും അപകടം വരുത്തുന്നവയാണ്. നഗരസഭ അധികൃതർ ഇടപെട്ട് ഓവുചാലിന് മുകളിലുള്ള സ്ലാബുകൾ കാൽനടക്കാർക്ക് അപകടം വരാത്ത നിലയിൽ പുനഃക്രമീകരിക്കണമെന്നാണ് നഗരത്തിലെത്തുന്നവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.