കുടിവെള്ളം മലിനമായ സംഭവം; പെട്രോൾ നിറഞ്ഞ മണ്ണ് മാറ്റാൻ ഉത്തരവ്
text_fieldsനീലേശ്വരം: പെട്രോള്‍പമ്പിലെ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് കുടിവെള്ളം മലിനപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് അനുകൂലവിധിയുമായി കാഞ്ഞങ്ങാട് സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് കോടതി. വെള്ളരിക്കുണ്ടിലെ ഇരുപ്പക്കാട്ട് ടി.ടി. ജോര്‍ജിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് സബ് കലക്ടർ കൂടിയായ മജിസ്ട്രേട്ട് സൂഫിയാന് അഹ്മദ് അനുകൂലവിധി പുറപെടുപ്പിച്ചത്. പെട്രോളിയം ഉൽപന്നങ്ങൾ നിറഞ്ഞ പ്രദേശത്തെ മണ്ണ് പൂര്‍ണമായും മാറ്റി പുതിയ മണ്ണ് നിറക്കുക, പെട്രോള്‍ ടാങ്കിന് ചുറ്റുമതിലായി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുക, ഒരുമാസത്തിനകം ഈ ജോലികള്‍ പൂര്‍ത്തീകരിക്കുക, അതുവരെ പരാതിക്കാരന് ആവശ്യമായ കുടിവെള്ളമെത്തിക്കുക എന്നിവയാണ് ഉത്തരവില്‍ പറഞ്ഞത്. വെള്ളരിക്കുണ്ട് ടൗണിലെ അമല ഫ്യുവല്‍സ് ഉടമ വി.കെ. അസീസ്, ഡീലര്‍ കെ.പി. സുതന് എന്നിവര്‍ക്കെതിരെയാണ് പരാതി.
2023 മേയ് മുതലാണ് പമ്പിലെ കാലപ്പഴക്കംചെന്ന പെട്രോള്‍ ടാങ്ക് ലീക്കായി അതില്‍നിന്ന് പെട്രോളിയം ഉൽപന്നങ്ങള് മണ്ണില്‍ കലരാന്‍ തുടങ്ങിയത്. 25 മീറ്റര്‍ അകലെയുള്ള ഇരുപ്പക്കാട്ട് ജോര്‍ജിന്റെ വീട്ടുകിണറ്റിലെ വെള്ളത്തിലും പെട്രോള്‍ കലരാന്‍ തുടങ്ങി. പമ്പുടമയെയും ഡീലറെയും വിവരമറിയിക്കുകയും ഫോട്ടോ, വിഡിയോ എന്നിവ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കോഴിക്കോട് ഡിവിഷനല്‍ മാനേജര്‍ അമല്‍ജിത്തിന് കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരുമാസം പെട്രോള്‍ പമ്പ് അടച്ചിട്ട് ടാങ്ക് മാറ്റി. എന്നാല്‍, പെട്രോളിയം ഉൽപന്നങ്ങള് നിറഞ്ഞ മണ്ണ് മാറ്റാന്‍ അവര്‍ തയാറായില്ല. വേനല്‍ക്കാലമാകുമ്പോള്‍ മണ്ണില്‍ കിടക്കുന്ന പെട്രോള്‍ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങുന്ന സ്ഥിതിവിശേഷമുണ്ടായി. പമ്പുടമ വി.കെ. അസീസിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലെ പിറകിലുള്ള രണ്ടു കുളങ്ങളും മലിനീകരിക്കപ്പെട്ടു. ഈ രണ്ടു കുളങ്ങളില്‍നിന്നാണ് പമ്പ് ഉടമയുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 24 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നത്. ഇത് കൂടാതെ ചൈത്രവാഹിനി പുഴയിലേക്കും ഈ പെട്രോളിയം ഉൽപന്നങ്ങള് എത്തിയെന്നും ജോര്‍ജ് പറയുന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയെ അറിയിച്ചപ്പോള്‍ തികച്ചും ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാരനായ ജോര്‍ജ് പറഞ്ഞു. ഹൈകോടതി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവമന്ത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മനുഷ്യാവകാശ കമീഷന്, കലക്ടര്‍, ആര്.ടി.ഒ, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഭൂഗര്‍ഭജല അതോറിറ്റി, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് എന്നിവര്‍ക്ക് രേഖാമൂലം നേരത്തെ പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുടിവെള്ളം ശേഖരിച്ച് കൊണ്ടുപോവുകയും അശാസ്ത്രീയമായ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീതു കൊടുക്കുകയും ആ റിപ്പോര്‍ട്ട് ആര്.ഡി.ഒക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ ആര്.ഡി.ഒ സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയും 2023 നവംബര്‍ 22 മുതല്‍ അടിയന്തരമായി ദിവസേന 1000 ലിറ്റര്‍ കുടിവെള്ളം പരാതിക്കാരന് കൊടുക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ഒരു ആശ്വാസകരമായ ഉത്തരവായിരുന്നെങ്കിലും കര്‍ഷകനായ ജോര്‍ജിന് നഷ്ടങ്ങള്‍ വലുതായിരുന്നു. എത്ര കൊടിയ വേനല്‍ക്കാലത്തും വറ്റാത്ത, 12ഓളം ഉറവകളുള്ള കിണര്‍ ഉപയോഗശൂന്യമായതോടെ തന്റെ പറമ്പിലെ ജാതി, കമുക്, വാഴ എന്നിവ വേനല്‍ക്കാലത്ത് നനയ്ക്കാന്‍ വെള്ളമില്ലാതെ ഉണങ്ങിക്കരിഞ്ഞു. പശുവിനെ വില്‍ക്കേണ്ടിവന്നു.
അതോടൊപ്പം ഇവിടെ നിന്നും വെള്ളം എടുത്തുകൊണ്ടിരുന്ന സമീപവാസികള്‍ക്കും കുടിവെള്ളം ലഭിക്കാതായി. എന്നാൽ, ഇപ്പോൾ പുറത്തിറങ്ങിയ ഈ ഉത്തരവിനെപോലും അംഗീകരിക്കാതെയാണ് ഇപ്പോഴും പമ്പ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതിക്കാരനായ ജോര്‍ജ് ആരോപിക്കുന്നു. അഡ്വ. വിനയ് മങ്ങാട്ടാണ് ജോര്‍ജിനുവേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.