വറ്റിവരണ്ട് കോവിലകം ചിറ
text_fieldsനീലേശ്വരം: നഗരസഭയിലെ ഏറ്റവും വലിയ ജല സ്ത്രോതസ്സായ നീലേശ്വരം കോവിലകം ചിറ കനത്ത വേനലിൽ വറ്റിവരളാൻ തുടങ്ങി. ഇനി അവശേഷിക്കുന്ന വെള്ളം ഒരാഴ.ചക്കകം വറ്റും. ചിറയുടെ മധ്യഭാഗത്ത് മണൽതിട്ട കാണാൻ കഴിയും. ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ചിറയുടെ കിഴക്ക് ഭാഗമാണ് അൽപം നീരുറവയുള്ളത്. നീലേശ്വരം രാജ വംശത്തിന്റെ കീഴിലുള്ള ചിറയാണെങ്കിലും സംരക്ഷണം നഗരസഭ ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളൊന്നും പ്രാവർത്തികമായില്ല.
വെള്ളം സുലഭമായിരുന്ന സമയത്ത് നഗരസഭ പടന്നക്കാട് കാർഷിക കോളജുമായി സഹകരിച്ച് ചിറയിലുണ്ടായിരുന്ന പായൽ നീക്കിയെങ്കിലും തുടർ പ്രവൃത്തികൾ ഇല്ലാത്തതിനാൽ ഇതും വിജയിച്ചില്ല. ചിറയെ ഒരു താമരക്കുളമായി മാറ്റാൻ നഗരസഭ അധികൃതർ ആഘോഷപൂർവം വിത്തിട്ടെങ്കിലും ഒരു താമര പോലും മുളച്ച് വന്നിട്ടില്ല. ഇപ്പോൾ വെള്ളം വറ്റിവരണ്ട സമയത്ത് ചിറയിലെ ചളി മുഴുവൻ നീക്കി നിരപ്പാക്കിയ ശേഷം ആഴം കൂട്ടിയാൽ വെള്ളം വറ്റാതെ സംരക്ഷിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനാണ് നഗരസഭ അധികൃതർ തയാറാകേണ്ടത്. മാത്രമല്ല ചിറയിൽ ഇറങ്ങുന്ന തകർന്ന പടവുകൾ ശരിയാക്കാനും ചുറ്റുവേലി നിർമ്മിച്ച് ചിറയെ സംരക്ഷിക്കണം. മഴക്കാലത്ത് നഗരത്തിൽനിന്ന് വെള്ളത്തോടൊപ്പം മാലിന്യം ഒഴുകി വരുന്നത് തടയാനും കരുതൽ വേണം. ഒരു നാടിന്റെ ഭാഗമകറ്റാൻ കഴിയുന്ന ജലസ്ത്രോതസ്സ് സംരക്ഷിക്കുവാൻ നഗരസഭ ഇനിയെങ്കിലും തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.