ഇ.എം.എസ് സ്റ്റേഡിയത്തിന്റെ അശാസ്ത്രീയ നിർമാണം; കായികതാരങ്ങൾക്ക് ദുരിതം
text_fieldsനീലേശ്വരം: ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന്റെ നിർമാണത്തിലെ ദീർഘ വീക്ഷണമില്ലായ്മ കായികതാരങ്ങൾക്ക് തിരിച്ചടിയാവുന്നു. സ്റ്റേഡിയത്തിലെ മത്സരങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ഓട്ട മത്സരങ്ങളിൽ മത്സരാർഥികളെയും സമയം നോക്കുന്ന ഒഫിഷ്യൽസിനെയും കാര്യമായി ഇത് ബാധിക്കുന്നുണ്ട്.
നൂറ് മീറ്റർ ഓടുന്ന താരങ്ങൾ സൂക്ഷിച്ച് ഫിനിഷ് ചെയ്തില്ലെങ്കിൽ തൊട്ടടുത്ത കുഴിയിലേക്ക് വീഴുമെന്നത് ഉറപ്പാണ്. നൂറ് മീറ്റർ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കുഴി നികത്താൻവരെ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ അറ്റത്തെ ട്രാക്കിൽ അതിവേഗം കുതിക്കുന്ന താരം ഒന്നു തെറ്റിയാൽ കുഴിയിൽ വീണ് അപകടം സംഭവിക്കും. സിന്തറ്റിക് ട്രാക്കാണെങ്കിലും ട്രാക്കിൽ മിക്കയിടങ്ങളിലും മാറ്റ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഹർഡിൽസ് മത്സരാർഥികളെയും മറ്റ് ദീർഘദൂര ഓട്ടക്കാരെയും ഏറെ ബാധിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ 22 കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയത്തിൽ ഗെയിംസ് മത്സരങ്ങൾ നടത്താൻ ബുദ്ധിമുട്ടാണ്. സംസ്ഥാന സർക്കാർ നിർമിച്ചതാണെങ്കിലും ഇപ്പോൾ മൈതാനത്തിന്റെ മേൽനോട്ടം വഹിക്കുന്നത് കേരള സ്പോർട്സ് ഫൗണ്ടേഷനാണ്. ഇവരുടെ ജീവനക്കാരുടെ പരിപാലനം ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ നാലുഭാഗവും കാടുമൂടിക്കിടക്കുന്നുണ്ട്. ഇതൊന്ന് മുറിച്ചുമാറ്റാൻവരെ പരിപാലിക്കുന്നവർ തയാറാകുന്നില്ല. മൈതാനത്ത് നട്ടുപിടിപ്പിച്ച പച്ചപ്പുല്ലുകൾ വെള്ളം ഒഴിക്കാത്തതിനാൽ കത്തുന്ന വെയിലിൽ കരിഞ്ഞുണങ്ങാൻ തുടങ്ങി.
ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, സിമിങ് പൂൾ മത്സരത്തിനുള്ള കോർട്ടും സ്റ്റേഡിയത്തിനകത്തുണ്ട്. ഫുട്ബാൾ കോർട്ടിന് 105 മീറ്റർ നീളവും 68.5 മീറ്റർ വീതിയുമാണ്. അതിനാൽ വലിയ ഫുട്ബാൾ ടൂർണമെന്റുകൾ നടത്താൻ ബുദ്ധിമുട്ടാണ്. ഫുട്ബാൾ മൈതാനം പാറയായത് കാരണം അപകടത്തിൽപെടുമെന്ന് ഉറപ്പാണ്. ടൂർണമെന്റ് നടത്തിയാൽതന്നെ ഗാലറി കെട്ടാനുള്ള സൗകര്യവുമില്ല. അതുകൊണ്ടുതന്നെ എല്ലാ ചാമ്പ്യൻഷിപ്പും ജില്ല ഫുട്ബാൾ ടീം സെലക്ഷനും നടക്കാവ് സ്റ്റേഡിയത്തിലാണ് നടത്തുന്നത്. വോളിബാൾ കോർട്ടിന് 18 മീറ്റർ നീളവും ഒമ്പതു മീറ്റർ വീതിയുമാണ്. എന്നാൽ, ഒരു വോളിബാൾ ചാമ്പ്യൻഷിപ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെയില്ല. അതുപോലെ ബാസ്കറ്റ്ബാൾ കോർട്ടിന് 28 മീറ്റർ നീളവും 15 മീറ്റർ വീതിയുമാണ്. ബാസ്കറ്റ് ബാൾ കോർട്ട് പരിപാലനമില്ലാതെ കാടുമുടിക്കിടക്കുകയാണ്. ഇവിടെയും ഒരു ചാമ്പ്യൻഷിപ് നടത്താൻ ഗാലറിക്ക് സ്ഥലസൗകര്യമില്ല.
സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ബാസ്കറ്റ് ബാൾ കോർട്ടിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് ഓഫിസിന്റെ മതിലുകളാണ്. ഇവിടെയും ഗാലറിക്ക് സൗകര്യമില്ല. ഇ.എം.എസ് സ്റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചപ്പോൾ ഒരു കായിക സംഘടനകളോടും ചർച്ച നടത്താതെ ഏകപക്ഷീയമായാണ് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കിയത്.
മാത്രമല്ല, നീലേശ്വരം നഗരസഭയിലെ ജനങ്ങൾക്കോ സമീപ പഞ്ചായത്തിലെ ജനങ്ങൾക്കോ സ്റ്റേഡിയം നിർമിച്ച് നാലുവർഷമായിട്ടും ഒരു പ്രയോജനവുമില്ല. സ്റ്റേഡിയത്തിൽ നാട്ടുകാർക്ക് പ്രഭാതസവാരി നടത്തണമെങ്കിൽ ഫീസ് കൊടുക്കേണ്ട ഗതികേടിലാണ്. നടത്തിപ്പുകാർ അമിത ഫീസ് വാങ്ങുന്നതല്ലാതെ സ്റ്റേഡിയം പരിപാലനത്തിൽ ശ്രദ്ധചെലുത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.