ഉത്സവകാല-ദീർഘദൂര ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല
text_fieldsനീലേശ്വരം: ജില്ലയിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്ത് ഉത്സവകാല ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ മുൻപന്തിയിലുള്ള നീലേശ്വരം സ്റ്റേഷന്റെ വികസനത്തിൽ ജനപ്രതിനിധികളും നഗരസഭയും ഇടപെടുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്.
മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ദൂരെ ജോലി കാരണം അവധിയാഘോഷിക്കാൻ കുടുംബസമേതം നാട്ടിൽ എത്തുന്നവർക്കും മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി ടാക്സി പിടിച്ച് വീട്ടിൽ പോകേണ്ട അവസ്ഥയാണ്. . ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് നീലേശ്വരത്ത് ദീർഘദൂര ട്രെയിൻ നിർത്താത്തത് മറ്റൊരു ദുരിതമാകുന്നു.
ഉത്സവകാലത്ത് നിരവധി വണ്ടികളാണ് മലബാറിലൂടെ പുതുതായി സർവിസ് നടത്തുന്നത്. ഒന്നിനുപോലും നീലേശ്വരത്ത് സ്റ്റോപ് അനുവദിപ്പിക്കാൻ ഒരു ജനപ്രതിനിധിക്കും സാധിക്കുന്നില്ല. വരുമാനത്തിൽ പിന്നാക്കംപോയ സ്റ്റേഷനുകളിൽ വണ്ടികൾക്ക് ആവശ്യത്തിന് സ്റ്റോപ് ലഭിക്കുമ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്ന നീലേശ്വരം സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ് ലഭിക്കാത്തത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദിവാലി സ്പെഷൽ ട്രെയിനിനും നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചില്ല. എന്നാൽ, വരുമാനത്തിൽ വളരെ പിന്നിലുള്ള തൊട്ടടുത്ത സ്റ്റേഷനിൽ സ്റ്റോപ്പുണ്ട്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾക്ക് പുറമെ ചെറുവത്തൂർ, വലിയപറമ്പ് പഞ്ചായത്തുകൾ ഉൾപ്പെടെ എട്ടോളം പഞ്ചായത്തുകളിലെ ജനങ്ങളും നീലേശ്വരം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്ത് ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് ഇതുവരെയും സ്റ്റോപ്പില്ല. വർഷങ്ങളോളം നീലേശ്വരത്ത് നിർത്തിയിരുന്ന മെയിലിന്റെ സ്റ്റോപ് എടുത്തുകളഞ്ഞാണ് കാഞ്ഞങ്ങാട്ട് സ്റ്റോപ് അനുവദിച്ചത്. മെയിലിന് യാത്ര ചെയ്യേണ്ടവർ കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് പോകേണ്ട ഗതികേടിലാണ്. തൊട്ടടുത്ത ചെറിയ സ്റ്റേഷനായ ചെറുവത്തൂരിൽ പോലും മെയിലിന് സ്റ്റോപ്പുണ്ട്. യാത്രക്കാരുടെ വർധന കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിൻ നീലേശ്വരത്ത് നിർത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലയിൽ താമസിക്കുന്നവരുടെ ഏക ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ.
നീലേശ്വരം സ്റ്റേഷനിൽ പുതിയ കെട്ടിടം പണിയണമെന്നും ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ മേൽക്കൂര പണിയണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴും മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടിയിൽ കയറുന്നതും ഇറങ്ങുന്നതും. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നീലേശ്വരം സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയുടെ യൂനിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാർ. മലബാറിൽ കണ്ണൂർ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ സുരക്ഷാസേനയുടെ കേന്ദ്രമില്ല. ജില്ലക്ക് അനുവദിക്കുന്ന കേന്ദ്രം നീലേശ്വരത്ത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഉത്സവകാല ട്രെയിനുകൾക്ക് പുറമെ വാരാന്ത്യട്രെയിനുകൾക്കും നീലേശ്വരത്ത് സ്റ്റോപ് ഇല്ല. ഇതിൽ റെയിൽവേ മന്ത്രാലയത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും യാത്രക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.