മലയോരത്ത് തീപിടിത്തം പതിവ്; എവിടെ അഗ്നി ശമനസേന കേന്ദ്രം?
text_fieldsനീലേശ്വരം: മലയോരത്ത് തീപിടിത്തം വ്യാപകമാകുമ്പോഴും അഗ്നി രക്ഷസേന കേന്ദ്രം കടലാസിൽ തന്നെ. ശക്തമായ ചൂടിൽ ഇപ്പോൾ മലയോരത്ത് കുന്നുകളിലും കൃഷിയിടങ്ങളിലും തീ പടർന്ന് പിടിക്കുന്നത് പതിവായി മാറി. ഇപ്പാൾ മലയോരത്ത് അഗ്നിബാധയോ പ്രകൃതിദുരന്തമോ ഉണ്ടായാൽ നിലവിൽ 40 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്, പെരിങ്ങോം, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നാണ് ഫയർ എൻജിൻ വരുന്നത്.
ഇവർ എത്തുമ്പോഴേക്കും തീ കത്തി തീർന്നിട്ടുണ്ടാകും. മലയോരത്തെ തീപിടിത്തം പതിവാകുന്നതുകൊണ്ട് അഗ്നി രക്ഷസേന കേന്ദ്രത്തിന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിലെ ബിരിക്കുളത്ത് അഗ്നി രക്ഷസേന കേന്ദ്രം അനുവദിക്കുമെന്നത് വാഗ്ദാനത്തിൽ മാത്രം ഒതുങ്ങി. 2020 ഒക്ടോബറിലാണ് സേന കേന്ദ്രത്തിന് സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഒന്നരയേക്കർ സ്ഥലം സന്ദർശിച്ചത്. ഓഫിസിനു പുറമെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സ്ഥാപിക്കാനായിരുന്നു ആലോചന. ആവശ്യമായ റോഡ്, ജല സൗകര്യങ്ങൾ ഉണ്ടെന്ന് അന്ന് സന്ദർശക സംഘം വിലയിരുത്തിയിരുന്നു.
എന്നാൽ പിന്നീട് വന്ന ബജറ്റുകളിലൊന്നും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല. ഇവിടെ അഗ്നിശമനസേന കേന്ദ്രം വന്നാൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഗുണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.