ചെള്ളുപനി: നീലേശ്വരവും പരിസരപ്രദേശങ്ങളും ഭീതിയിൽ
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തതോടെ നാട്ടുകാർ ഭീതിയിൽ. അടുത്തടുത്ത വാർഡുകളിൽ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് ചെള്ളുപനി ബാധിച്ചത്. പട്ടേന, പഴനെല്ലി, സുവർണവല്ലി പ്രദേശങ്ങളിലാണിത്. രണ്ടു പേർ കർഷകരും ഒരാൾ ക്ഷേത്രപൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണ് സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്ന് തിരിച്ചറിഞ്ഞത്. അത്യപൂർവമായി മാത്രമാണ് ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. ഇക്കുറി നീലേശ്വരത്ത് അടുത്തടുത്ത വാർഡുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവിഭാഗം ഉണർന്നുപ്രവർത്തിക്കുന്നുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു വാർഡുകളിലും വ്യാപകമായ പനി സർവേയും പ്രതിരോധ, ബോധവത്കരണ പരിപാടികളും പുരോഗമിക്കുകയാണ്. ചെള്ളുകടിയിലൂടെ ശരീരത്തിൽ കടക്കുന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. എന്നാൽ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇതു പടരില്ല. കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാം. രോഗബാധ രൂക്ഷമാകുന്നതോടെ ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും.
സാധാരണയായി പനിയുടെ ലക്ഷണങ്ങൾ വെച്ച് ചികിത്സ നിർണയിക്കുന്നതിനാലാണ് രോഗം കണ്ടുപിടിക്കാൻ വൈകുന്നത്. ശരീരത്തിൽ പാടുകൾ കണ്ടുതുടങ്ങുന്നതോടെയാണ് ചെള്ളുപനി തിരിച്ചറിയാനുള്ള രക്തപരിശോധന നടത്തുന്നത്. ജില്ലയിൽ നിലവിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളിലെ രക്ത സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചാണ് രോഗം നിർണയിക്കുന്നത്.
കൃഷിപ്പണി ചെയ്യുന്നവർ, വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നവർ, കാടുമൂടിയ പറമ്പുകളിൽ ജോലിചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവർക്കാണ് ചെള്ളുബാധയുണ്ടാകാനുള്ള സാധ്യത കൂടുതൽ. കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചെള്ളുകളെ തിരിച്ചറിയാൻ പാടാണ്. ഇവ രക്തം കുടിക്കുന്നതുമറിയില്ല.
തൊലിപ്പുറത്ത് നീരുണ്ടാകുമ്പോഴാണ് പലരും ശ്രദ്ധിക്കുക. ചെള്ളുബാധക്ക് സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ രോഗലക്ഷണങ്ങൾ കണ്ടാലുടൻ പരിശോധിക്കുകയാണ് കണ്ടെത്താനുള്ള മാർഗം.
കരുതൽ വേണം
രോഗം പടരാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ കൈയുറ, കാലുറ എന്നിവയും ഫുൾ കൈ ഷർട്ടും ധരിക്കണം. പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കാടു തെളിക്കുകയും മാലിന്യം നീക്കുകയും വേണം.
ചെള്ളുപനിക്ക് പലപ്പോഴും ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ് രോഗനിർണയം ബുദ്ധിമുട്ടിലാക്കുന്നത്. രോഗി വരുന്ന പ്രദേശത്തെ രോഗസാധ്യത, തൊലിപ്പുറമേയുള്ള എസ്കാർ, രക്തപരിശോധന ഫലം എന്നിവ രോഗനിർണയത്തിന് സഹായിക്കും. വീൽ ഫെലിക്സ് ടെസ്റ്റാണ് രോഗനിർണയത്തിന് പ്രത്യേകമായുള്ള ലബോറട്ടറി പരിശോധന. എലൈസ ടെസ്റ്റിലൂടെയും രോഗനിർണയം സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.