സ്വകാര്യ ട്യൂഷൻ സെന്ററിലെ പഠനക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
text_fieldsനീലേശ്വരം: വെള്ളരിക്കുണ്ടിലെ സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിയ പഠനക്യാമ്പിൽ പങ്കെടുത്ത നിരവധി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.
കൊന്നക്കാട് റിസോർട്ടിൽ നടത്തിയ പഠനക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ, വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. 150ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന പഠനക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് നടന്ന റിസോർട്ടിൽനിന്ന് രാത്രി നെയ്ചോറും ചിക്കൻ കറിയും പിറ്റേന്ന് രാവിലെ അപ്പവും കറിയുമാണ് കുട്ടികൾ കഴിച്ചത്.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂളിലെ ചില കുട്ടികൾക്ക് രാവിലെ അനുഭവപ്പെട്ട ഛർദിയും ക്ഷീണവും കാരണം ആശുപത്രിയിൽ രക്ഷിതാക്കൾ എത്തിച്ചപ്പോഴാണ് പഠനക്യാമ്പിൽ പങ്കെടുത്ത മറ്റു കുട്ടികൾ അധ്യാപകരോട് വിവരം പറയുന്നത്. 16 കുട്ടികൾ വെളളരിക്കുണ്ട് ഗവ. ആശുപത്രിയിയിലും ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സതേടിയിരിക്കുന്നത്. മറ്റു സ്കൂളിലെ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ ചികിത്സതേടി ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
സ്കൂൾ തുറക്കുന്ന ദിവസം തന്നെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം രക്ഷിതാക്കളിൽ ആശങ്ക പരത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു. സംഭവമറിഞ്ഞ് വെള്ളിക്കുണ്ട് പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.