സുരക്ഷയില്ലാതെ ഭക്ഷ്യസുരക്ഷ കാര്യാലയം
text_fieldsനീലേശ്വരം: മഴയിൽ ചോർന്നൊലിച്ച് നാശത്തിന്റെ വക്കിലെത്തി ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസ്. നീലേശ്വരം വില്ലേജ് ഓഫിസിന് സമീപത്തെ കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കാര്യാലയം പ്രവർത്തിക്കുന്നത്. ഇതുമൂലം ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയത്തിന് സുരക്ഷയില്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പഴകിയ കെട്ടിടത്തിന്റെ മുൻഭാഗത്തെ മേൽക്കൂര കഴിഞ്ഞ മഴക്കാലത്താണ് തകർന്നത്. ഇപ്പോൾ പ്ലാസ്റ്റിക് പായ മുകൾഭാഗത്ത് വിരിച്ചാണ് മഴക്കാലത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ തൃക്കരിപ്പൂർ സർക്കിൾ വിഭാഗവും കാഞ്ഞങ്ങാട് സർക്കിൾ വിഭാഗവും ഈ പഴകിയ കെട്ടിടത്തിനകത്താണ് പ്രവർത്തിക്കുന്നത്.
മഴക്കാലത്ത് ഓഫിസ് പ്രവർത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടിലാണ്. ഓഫിസിനായി മറ്റൊരു കെട്ടിട സൗകര്യം നഗരസഭ ഒരുക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. നഗരസഭയുടെ കീഴിൽ രാജ റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് പരിഗണിക്കുന്നത്. ഈ ഇരുനില കെട്ടിടത്തിലെ താഴത്തെ നിലയിൽ കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ മുകൾനിലയിലെ പഴയ കുടുംബശ്രീ സി.ഡി.എസ് ഓഫിസായി ഉപയോഗിച്ച ഹാളിന്റെ ഒരുഭാഗം ഭക്ഷ്യസുരക്ഷ ഓഫിസിനായി വിട്ടുനൽകാനുള്ള തീരുമാനം നഗരസഭ ഉടനെടുക്കും.
കെട്ടിടം താൽക്കാലികമായായിരിക്കും വിട്ടുനൽകുക. അടുത്ത നഗരസഭ കൗൺസിൽ യോഗത്തിൽ ഇത് അജണ്ടയിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്. നീലേശ്വരത്ത് പണിയുന്ന സിവിൽ സ്റ്റേഷനിൽ ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയത്തിന് സൗകര്യം അനുവദിക്കും. നീലേശ്വരത്തുനിന്ന് നിരവധി സർക്കാർ ഓഫിസുകളാണ് വർഷങ്ങളുടെ ഇടവേളകളിൽ കാഞ്ഞങ്ങാട്ടേക്ക് പ്രവർത്തനം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.