മതസൗഹാർദത്തിന്റെ പെരുന്നാൾ സമ്മാനം; നോമ്പെടുത്ത മീനാക്ഷിയമ്മക്ക് 25ാം വർഷവും റംല പെരുന്നാൾ വസ്ത്രം നൽകി
text_fieldsനീലേശ്വരം: ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുന്ന ഈ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെയും മനഷ്യസ്നേഹത്തിന്റെയും സന്ദേശമുയർത്തി നാടിന് മാതൃകയാവുകയാണ് നീലേശ്വരം മന്ദംപുറത്തെ കെ.പി. ഹൗസിലെ തലക്കൽ മുഹമ്മദലി- കെ. റംല ദമ്പതികൾ. കഴിഞ്ഞ 25 വർഷത്തിലധികമായി വീടിനു സമീപം താമസിക്കുന്ന മീനാക്ഷിയമ്മ നോമ്പെടുക്കാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും മീനാക്ഷിയമ്മയുടെ നോമ്പുകാലം കുടുംബത്തെപ്പോലെ എല്ലാം ഒരുക്കി കൊടുക്കുന്നത് റംലയാണ്.
പുലർച്ചയുള്ള ബാങ്ക് വിളിക്കു മുമ്പുള്ള ഭക്ഷണവും വൈകുന്നേരത്തെ നോമ്പ് മുറിക്കാനും മീനാക്ഷിയമ്മ കൃത്യസമയത്ത് മന്ദംപുറത്തെ കെ.പി. ഹൗസിൽ എത്തിച്ചേരും. റംല കുടുംബത്തിന്റെ കൂടെയുള്ള മീനാക്ഷിയമ്മയുടെ നോമ്പുകാലം കാൽനൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. 30 നോമ്പെടുത്ത ശേഷം ആഘോഷത്തിന് മാറ്റുകൂട്ടുന്ന പുത്തൻ വസ്ത്രങ്ങൾ പെരുന്നാളിന്റെ തലേ ദിവസംതന്നെ റംല മീനാക്ഷിയമ്മക്ക് നൽകും. പെരുന്നാൾ ദിവസം റംലയുടെ കുടുംബവുമായി ഒരുമിച്ച് ഒരു മേശയിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ മാത്രമേ മുപ്പതു നോമ്പിന്റെ പുണ്യം പടച്ചോൻ തരുകയുള്ളുവെന്ന് മീനാക്ഷിയമ്മ ഉറച്ച് വിശ്വസിക്കുന്നു.
ഇത്തവണ പ്രായത്തിന്റെ അവശതകൾ ശരീരത്തെ ബാധിച്ചിട്ടും വിശ്വാസം മുറുകെ പിടിച്ച് നോമ്പ് നോക്കാതിരിക്കുന്നത് മീനാക്കിയമ്മക്ക് ചിന്തിക്കാൻ കഴിയില്ല. തനിക്കുവേണ്ട പൂർണ പിന്തുണയും സഹായങ്ങളും ചെയ്തുതരാൻ റംലയും കുടുംബവും കൂടെയുണ്ടാകുമ്പോൾ നോമ്പ് മുടക്കാൻ ഒരിക്കലും അവർ തയാറായിരുന്നില്ല. ഇത്തവണ ശാരീരിക അവശതകൾ ഉണ്ടായിട്ടും മീനാക്ഷിയമ്മ മുറുകെ പിടിച്ച വിശ്വാസം കൈവിട്ടില്ല. ഭക്ഷണ ജലപാനീയങ്ങൾ ഉപേക്ഷിച്ച് മുപ്പതു ദിവസവും നോമ്പെടുത്തപ്പോൾ റംലയുടെ സ്നേഹവാക്കുകളും സഹായങ്ങളും മീനാക്ഷിയമ്മക്ക് കരുത്തേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.