കോളംകുളത്ത് ചെങ്കല്ലറകളും ഗുഹയും കണ്ടെത്തി
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് നൂറ്റാണ്ട് പഴക്കമുണ്ടാകുമെന്ന് കരുതുന്ന ചെങ്കല്ലറകൾ കണ്ടെത്തി. കാലവർഷത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൻമരം കടപുഴകിയപ്പോഴാണ് ചരിത്രശേഷിപ്പുകളെന്ന് കരുതുന്ന രണ്ട് ചെങ്കല്ലറകൾ ദൃശ്യമായത്. പ്രദേശവാസിയായ സി.കെ. ജയചന്ദ്രൻ, പ്രദേശിക പുരാവസ്തു നിരീക്ഷകൻ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിൽ അടുത്തുതന്നെ മറ്റൊരു ഗുഹയും കണ്ടെത്തി. വിവരമറിഞ്ഞ് പടന്നക്കാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു.
ആ കാലഘട്ടത്തിൽ ചെങ്കൽപാറകൾ തുരന്നാണ് ചെങ്കല്ലറ നിർമിക്കുന്നത്. ചെങ്കല്ലുകൊണ്ട് നിർമിച്ച വാതിലും അടച്ചുവെക്കാൻ പാകത്തിൽ കൊത്തുപണികളോടുകൂടിയ കവാടവുമുണ്ട്. മധ്യഭാഗത്ത് ഒരടി വ്യാസത്തിൽ ദ്വാരവും കാണുന്നുണ്ട്. ഉൾഭാഗത്ത് വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള മൺപാത്രങ്ങൾ നിക്ഷേപിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടായിരിക്കാമെന്നാണ് അനുമാനിക്കുന്നത്. ഉൾഭാഗത്ത് മണ്ണിനടിയിലുള്ള മൺപാത്രങ്ങളുടെ വക്കുകൾ കാണാൻ സാധിക്കുന്നുണ്ട്. രണ്ട് ചെങ്കല്ലറയുടെയും കവാടങ്ങളും ഇറങ്ങിച്ചെല്ലാനുള്ള പടികളും മണ്ണിനടിയിലാണുള്ളത്. മുനിയറ, കൽപത്തായം, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ തുടങ്ങിയ വിവിധ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്ന നൂറിലധികം ചെങ്കല്ലറകൾ ജില്ലയിൽനിന്ന് കഴിഞ്ഞ 20 വർഷത്തിനിടെ കണ്ടെത്തിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.