തേജസ്വിനി ആശുപത്രിക്ക് ധനസഹായം: അജണ്ട റദ്ദാക്കി; കൗൺസിൽ യോഗത്തിൽ ബഹളം
text_fieldsനീലേശ്വരം: സി.പി.എം നിയന്ത്രണത്തിലുള്ള നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിക്ക് നഗരസഭയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകാനുള്ള വിവാദ അജൻഡ ഒടുവിൽ റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് ചേർന്ന നീലേശ്വരം നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള പതിനാലാമത്തെ അജണ്ട മാറ്റിവെച്ചതായി നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അറിയിച്ചത്. ഉടൻ യു.ഡി.എഫ് പാർലിമെൻററി ലീഡർ ഇ. ഷജീർ അജണ്ട റദ്ദാക്കിയതിനെ ചോദ്യം ചെയ്തു.
ഒരു മുന്നറിയിപ്പും നൽകാതെ കൗൺസിൽ യോഗത്തിൽ വായിക്കാതെ മാറ്റിവെച്ചതിനെയും ഷജീർ ചോദ്യംചെയ്തു. ഷജീറിന് പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറവും കെ.സി. ശശികുമാറും എത്തി. ഭരണപക്ഷം ചെയർപേഴ്സനെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമായി. കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു.
പതിനാലാമത്തെ അജണ്ട ചർച്ചക്കെടുക്കാനായി വായിക്കേണ്ട ഘട്ടത്തിലാണ് റദ്ദാക്കിയത്. ഇതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഇ. ഷജീർ ശക്തമായി ഉന്നയിച്ചതോടെ ഇടപെട്ട അധ്യക്ഷ ടി.വി. ശാന്ത അജണ്ട റദ്ദാക്കാൻ ചെയർപേഴ്സന് അധികാരമുണ്ടെന്ന് റൂളിങ് നൽകി. തുടർന്ന് വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിക്കും മരാമത്ത് അധ്യക്ഷൻ കെ.പി. രവീന്ദ്രനും ചെയർപേഴ്സന് പിന്തുണയുമായി രംഗത്തിറങ്ങി. ബഹളം കണക്കിലെടുക്കാതെ അധ്യക്ഷ മറ്റ് അജണ്ടകളിലേക്ക് കടന്നതോടെയാണ് രംഗം ശാന്തമായത്.
നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ ജനറല്‍ മാനേജറുടെ അഭ്യര്‍ഥന പ്രകാരം ഒരു കോടി രൂപ അനുവദിക്കുന്നതിന് നഗരസഭ തീരുമാനിച്ചിരുന്നു. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് 10ലക്ഷം രൂപ വീതവും ബ്ലോക്ക്പഞ്ചായത്തുകളിൽ നിന്ന് 25 ലക്ഷം രൂപയും ആശുപത്രിക്ക് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.