അനധികൃത ക്വാറി നടത്തുന്നവരിൽ സർക്കാർ സ്കൂൾ അധ്യാപകരും
text_fields
നീലേശ്വരം: ജില്ലയിലെ വിവിധ ചെങ്കൽ ക്വാറികളിൽ വ്യാപക പരിശോധന. കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിലാണ് ഒരേസമയം പരിശോധന നടത്തിയത്. ഒമ്പതു ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. ചീമേനിയിലെ ചെങ്കല്‍ക്വാറിയില്‍ രണ്ട് സര്‍ക്കാര്‍ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലാണ് ഖനനം നടത്തുന്നതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
അറുപതോളം ക്വാറികളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തി. ഇവക്കെതിരെ നടപടിയെടുക്കാന്‍ ജിയോളജി വകുപ്പിനോട് നിർദേശിച്ചു. അനധികൃത ക്വാറികളില്‍നിന്ന് അരക്കോടിയോളം രൂപ നികുതിയടക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് അയക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി പറഞ്ഞു.
മടിക്കൈ, പരപ്പ, ചീമേനി, കരിന്തളം, നീലേശ്വരം, ബദിയടുക്ക, മഞ്ചേശ്വരം, കുമ്പഡാജെ, കാഞ്ഞങ്ങാട്, പുല്ലൂര്‍-പെരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ആറ് സ്ക്വാഡുകളായി തിരിഞ്ഞ് മിന്നല്‍ പരിശോധന നടത്തിയത്.
സര്‍ക്കാറിന് അടക്കേണ്ട നികുതി വെട്ടിച്ചാണ് ക്വാറികളുടെ പ്രവർത്തനം. ഒരു ക്യുബിക് മീറ്ററിന് 60 രൂപ സര്‍ക്കാറിന് നികുതി അടച്ചുവേണം ഖനനം നടത്താന്‍. എന്നാല്‍, ഈ നികുതി അടക്കാതെയാണ് മിക്ക ചെങ്കല്‍ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 50,000 ക്യുബിക് മീറ്ററില്‍ അനധികൃതമായി ചെങ്കല്‍ ഖനനം നടത്തിയതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.കാസര്‍കോടുനിന്നും ഡിവൈ.എസ്.പിക്കു പുറമെ ഇന്‍സ്പെക്ടര്‍മാരായ സിബി തോമസ്, സി. മനോജ്, കണ്ണൂര്‍ വിജിലന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.