ഹരിപ്രസാദ് പഠനത്തിൽ അത്ഭുതക്കുട്ടി; അഞ്ച് കോഴ്സുകളിൽ മിന്നും ജയം
text_fieldsനീലേശ്വരം: പരസഹായമില്ല, ട്യൂഷനില്ല, ലക്ഷങ്ങൾ ചെലവഴിച്ച് എൻട്രൻസ് പഠന കോച്ചിങ് ഇല്ല. എന്നിട്ടും ഈ കൗമാരക്കാരൻ നേടിയെടുത്തത് അഞ്ച് പ്രധാനപ്പെട്ട ഉന്നത കോഴ്സുകൾ. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പി. ഹരിപ്രസാദാണ് എൻട്രൻസ് പരീക്ഷയെഴുതി അഞ്ച് പ്രധാനപ്പെട്ട കോഴ്സുകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായത്. മഞ്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്, സി.ഇ.ടി തിരുവനന്തപുരം, ഐസർ തിരുവനന്തപുരം, കുസാറ്റ് കൊച്ചി, ഡൽഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഒരേ സമയത്ത് ഹരിപ്രസാദിന് പ്രവേശനം ലഭിച്ചത്.
ഒടുവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഡോക്ടർ പഠനം തെരഞ്ഞെടുത്തു. അഞ്ച് മുതൽ പ്ലസ്ടു വരെ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. തുടർന്ന് രണ്ടു മാസത്തെ പഠനംകൊണ്ട് എഴുതിയ എല്ലാ എൻട്രൻസ് പരീക്ഷകളിലും ഉയർന്ന റാങ്ക് നേടി നീലേശ്വരത്തിെൻറ അഭിമാനമായി ഹരിപ്രസാദ് എന്ന മിടുക്കൻ മാറി. സ്വന്തമായി ഫോൺ ഇല്ലാത്തതിനാൽ അമ്മ സാവിത്രിയുടെ മൊബൈൽ ഫോണിലൂടെ ഇൻറർനെറ്റിൽ പഠനത്തിെൻറ ആഴങ്ങൾ തേടി.
പിതാവ് മധു അസുഖ ബാധിതനാണ്. അമ്മ സാവിത്രിയുടെ തുച്ഛമായ വരുമാനമുള്ള ജോലിയാണ് കുടുംബത്തിെൻറ ഏക വരുമാനം. പ്രാരബ്ധങ്ങളിൽക്കൂടി സഞ്ചരിച്ച് ഉന്നത വിജയം എത്തിപ്പിടിച്ച ഈ മിടുക്കെൻറ തുടർപഠനത്തിനായി ഇതിനകം പൂർവ വിദ്യാർഥി സംഘടനകളും ക്ലബുകളും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.