വീട്ടുമുറ്റത്ത് പൂമ്പാറ്റകളുടെ ലോകം സൃഷ്ടിച്ച് ഹരീഷ്
text_fieldsനീലേശ്വരം: കാലം തെറ്റാതെ ഈ വർഷവും ഹരീഷിന്റെ തോട്ടത്തിലേക്ക് പൂമ്പാറ്റകൾ പറന്നെത്തി. യുവ കർഷകനും കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കോളംകുളത്തെ ഹരീഷിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലാണ് പൂമ്പാറ്റകൾ കൂട്ടത്തോടെ പറന്ന് തേൻ കുടിക്കാനെത്തിയത്. കാലം തെറ്റിക്കാതെ ദേശാടനം ചെയ്ത് കരിനീലക്കടുവ ഇനത്തിൽപെട്ട നാടൻ കിലുക്കാൻപെട്ടി വർഗത്തിൽപെടുന്നതാണ് ഈ പൂമ്പാറ്റകൾ.
പൂമ്പാറ്റകളെ മാത്രം ആകർഷിക്കുന്ന ഈ ചെടിയിലേക്ക് (റാറ്റിൽ വിഡ്) നൂറുകണക്കിന് പൂമ്പാറ്റകളാണ് ദൂരെനിന്ന് പറന്നെത്തുന്നത്. ഇവയോടൊപ്പം നീല, മഞ്ഞ നിറങ്ങളിലുള്ള മറ്റു പൂമ്പാറ്റകളും വിരുന്നുവരുന്നുണ്ട്. തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് പൂമ്പാറ്റച്ചെടി ഹരീഷ് വീട്ടുമുറ്റത്ത് നട്ടുവളർത്തുന്നത്. എല്ലാവർഷവും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി വളർന്നുപന്തലിക്കുന്നത്. സമയം കൃത്യമായി മനസ്സിലാക്കിവരുകയും ചെടിയുടെ ഇലയുടെ നീര് കുടിച്ചു തീർക്കുന്നത്തോടെ പൂമ്പാറ്റകൾ അടുത്ത ഇടംതേടി പോവുകയുമാണ് പതിവ്.
നിലവിൽ ജില്ലയിലെ ഒട്ടനവധി സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്ന മണ്ണിന്റെ കാവലാൾ കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്ന ഹരീഷ് ജില്ലക്ക് പുറത്തും ഒട്ടനവധി ആളുകൾക്ക് വിത്തുകൾ കൈമാറിയിട്ടുണ്ട്. ആൺവർഗത്തിൽപെട്ട ചെടികളിലെ ഇലകളിലെ തേൻ മാത്രമേ ഈ പൂമ്പാറ്റകൾ കുടിക്കാറുള്ളൂ. പൂമ്പാറ്റകളുടെ വരവിനായി ആറുമാസം മുമ്പ് ഹരീഷ് വിത്തിട്ട് മുളപ്പിച്ച് ചെടികളെ വലുതായി വളർത്തിയെടുക്കും. നിലവിൽ കോളംകുളത്തെ ഹരീഷിന്റെ വൃന്ദാവനം ഹൗസിൽ പോയാൽ നൂറുകണക്കിന് പൂമ്പാറ്റകളെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.