നീലേശ്വരത്ത് കുന്നിടിക്കൽ വ്യാപകം; നിരവധി വീടുകൾ ഭീഷണിയിൽ
text_fieldsനീലേശ്വരം: നീലേശ്വരത്തും മലയോരത്തും കുന്നിടിക്കൽ വ്യാപകമാകുന്നു. ഇതുകാരണം കുന്നിനു സമീപത്തുള്ള നിരവധി വീടുകൾ അപകട ഭീഷണിയിലായി. ഒരു ലോഡ് മണ്ണ് കൊണ്ടുപോകാനുള്ള അനുമതിപത്രത്തിന്റെ പേരിൽ ദിവസവും നൂറുകണക്കിന് മണ്ണാണ് കയറ്റുന്നത്.
സമീപവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി കൊടുത്താൽ മണൽ മാഫിയകളുടെ ഭീഷണി നേരിടേണ്ടിവരും. ഇതുമൂലം ആരും എതിർക്കാൻ മുമ്പോട്ടുവരുന്നില്ല. കാലവർഷം ശക്തിപ്രാപിച്ചതോടെ മിക്ക കുന്നുകളും ഇടിയാൻ തുടങ്ങി. നീലേശ്വരം കാര്യങ്കോട് ചീറ്റക്കാൽ, ചാത്തമത്ത് കുന്നുകൾ വീഴാൻ തുടങ്ങി. ഞായറാഴ്ച ചാത്തമത്ത് റോഡിരികിലെ പണി പൂർത്തിയാവാത്ത വീടിനു മുകളിൽ മണ്ണിടിഞ്ഞ് കൂറ്റൻ കല്ലുകൾ വീണതോടെ പ്രദേശത്തുകാരും ഭീതിയിലാണ്. ചീറ്റക്കാൽ കുന്നും അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതോടെ ഏതു നിമിഷവും ഇടിയാൻ പാകത്തിൽ നിൽക്കുകയാണ്.
കനത്ത മഴയിൽ മണ്ണെടുത്ത ഭാഗത്തുനിന്നും ഇപ്പോൾ ഉറവ വെള്ളം ഒഴുകാൻ തുടങ്ങി. മണ്ണെടുക്കുമ്പോൾതന്നെ ചീറ്റക്കാലിലെ പ്രദേശവാസികൾ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊന്നും വകവെക്കാതെയാണ് മണ്ണെടുക്കുന്നവർ മണ്ണ് കടത്തിക്കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.