ഇവിടെ മീൻ വിൽക്കണമെങ്കിൽ കൊതുകുകടിയേൽക്കണം
text_fieldsനീലേശ്വരം: ജില്ലയിൽ ആധുനിക മത്സ്യ മാർക്കറ്റ് ഇല്ലാത്ത ഏക നഗരസഭ എന്ന പേര് നീലേശ്വരത്തിന് മാത്രം. പഞ്ചായത്ത് ആയിരുന്നപ്പോഴും പിന്നീട് നഗരസഭയായി ഉയർത്തി പത്തുവർഷം കഴിഞ്ഞിട്ടും ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കാൻ ഇതുവരെയും സാധിച്ചില്ല.
പഞ്ചായത്തായിരുന്ന കാലത്ത് എഫ്.സി.ഐക്കുമുന്നിൽ നിർമിച്ച കെട്ടിടത്തിൽ മീൻവിൽപന നടത്താൻ സ്ത്രീകൾ തയാറാകാത്തതിനാൽ കെട്ടിടം അനാഥമാവുകയും പിന്നീട് നഗരസഭ കെ.ടി.ഡി.സിക്ക് ഹോട്ടലും ബിയർ പാർലറും നടത്താൻ വാടകക്ക് നൽകുകയുമായിരുന്നു.
മേൽപാലം മുതൽ മാർക്കറ്റ് ജങ്ഷൻ വരെ വിവിധ കേന്ദ്രങ്ങളിലായി അമ്പതോളം സ്ത്രീകൾ മീൻ വിൽപന നടത്തുന്നുണ്ട്. ഇതിൽ മേൽപാലത്തിെൻറ അടിഭാഗത്ത് റോഡിന് മുകളിൽ വെച്ചാണ് വിൽപന. മാർക്കറ്റ് ജങ്ഷനിൽ ദേശീയ പാതയോരത്തുള്ള ഷെഡിൽ 25ഓളം സ്ത്രീകളും മത്സ്യവിൽപന നടത്തുന്നുണ്ട്. കക്കൂസ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ ഷെഡിൽ നഗരസഭ ഒരുക്കിയിട്ടില്ല. പ്ലാസ്റ്റിക് കെട്ടിമറച്ച് ഷെഡ് നിർമിച്ചെങ്കിലും സുരക്ഷിതമല്ലാത്തതിനാൽ ആരും ഉപയോഗിക്കുന്നില്ല.
വിൽപന ഷെഡിനുസമീപം കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വൈകുന്നേരമായാൽ കൊതുകുശല്യംമൂലം പുറത്തേക്ക് കൊണ്ടുവന്ന് വിൽപന നടത്തേണ്ട അവസ്ഥയാണ്.
നഗരസഭയായി ഉയർത്തിയശേഷം നഗരസഭ ചെയർപേഴ്സനായി 2005ലും 2020ലും സ്ത്രീകൾ ഭരിച്ചിട്ടും ഇവിടത്തെ 25ഓളം മത്സ്യ വിൽപന സ്ത്രീകൾ ഇപ്പോഴും ദുരിതം പേറുകയാണ്. നീലേശ്വരത്തെ മുഴുവൻ മത്സ്യവിൽപന സ്ത്രീകളെയും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വിൽപന നടത്താൻ ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ് നിർമിച്ചുകൊടുക്കാൻ ഇനിയെങ്കിലും നഗരസഭാധികൃതർ തയാറാകണമെന്ന് മത്സ്യവിൽപന സ്ത്രീകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.