അനധികൃത മത്സ്യബന്ധനം: കർണാടക ബോട്ടിന് 2.5 ലക്ഷം രൂപ പിഴ
text_fieldsനീലേശ്വരം: തീര നിയമം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴയീടാക്കി. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടി കൂടിയത്.
ചൊവ്വാഴ്ച രാത്രി ഒഴിഞ്ഞവളപ്പ് തീരത്തുനിന്ന് നാലു നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോടു ചേർന്ന് രാത്രികാല ട്രോളിങ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
കർണാടക ഉഡുപ്പിയിൽനിന്നുള്ള സീ ഡയമണ്ട് ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് യൂനിറ്റിലെ കെ.വി. ശരത് കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ ജി.സി.പി.ഒ രതീഷ്, ബേക്കൽ കോസ്റ്റൽ ജി.സി.പി.ഒ രതീഷ്, കുമ്പള കോസ്റ്റൽ ജി.സി.പി.ഒ സുമേഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.