അനധികൃത മത്സ്യബന്ധനം; വീണ്ടും ബോട്ട് പിടികൂടി
text_fieldsനീലേശ്വരം: അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെ കർശന നടപടി തുടരുന്നു. തീരത്തോടു ചേർന്ന് അർധരാത്രി മത്സ്യംപിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. ഈ കർണാടക ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ്, ബേക്കൽ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പട്രോളിങ്ങിലാണ് ബോട്ട് പിടിച്ചെടുത്തത്.
കടൽതീരത്തു നിന്ന് 12 നോട്ടിക്കൽ മൈലിൽ ട്രോളിങ് നടത്തുന്നതിനു യന്ത്രവത്കൃത ബോട്ടുകൾക്ക് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം അനുവാദമില്ല. യന്ത്രവത്കൃത ബോട്ടുകളുടെ അനധികൃത മത്സ്യബന്ധനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
കർണാടക രജിസ്ട്രേഷനുള്ള ഹനുമവിഹാരി എന്ന ബോട്ടാണ് കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് നാല്നോട്ടിക്കൽ മൈലിൽനിന്ന് വെള്ളിയാഴ്ച രാത്രി11ഓടെ പിടികൂടിയത്. ഫിഷറീസ് അസി. ഡയരക്ടർ പ്രീതയുടെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ബോട്ട് പിടികൂടിയത്.
കോസ്റ്റൽ സി.പി.ഒ രതീഷ്, വാർഡൻ നന്ദുലാൽ, ബേക്കൽ സി.പി.ഒ ജെയിംസ്, അനീഷ് കെ. ബാലൻ. റസ്ക്യൂ ഗാർഡുമാരായ മനു, അജീഷ്, സേതു, ധനീഷ്, ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം, അഴിത്തല തീരത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ മാത്രം മത്സ്യ ബന്ധനത്തിലേർപ്പെട്ട മുനമ്പത്ത് നിന്നുള്ള ഗ്ലാഡിയേറ്റർ എന്ന ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.