അടിസ്ഥാന സൗകര്യ വികസനത്തില്‍ വൻ മുന്നേറ്റം -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
text_fieldsനീലേശ്വരം: അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് യാഥാര്ഥ്യമായിക്കൊണ്ടിരിക്കുന്നതെന്ന് തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഗുരുവനം കൂലോം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2025ഓടെ ദേശീയപാത 66 ന്റെ പ്രവൃത്തി പൂര്‍ത്തിയാക്കും. കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് ‘പോട്ട് ഹോള്‍ ഫ്രീ കേരള’ എന്ന പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി റോഡുകളുടെ സമഗ്ര പരിപാലനം ഉറപ്പുവരുത്താന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം അതില്‍ പ്രധാനപ്പെട്ടതാണ്.
20,026 കി.മീ റോഡുകളുടെ പരിപാലനത്തിന് 486.11 കോടി രൂപയാണ് റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഇതുവരെ അനുവദിച്ചത്. സംസ്ഥാനത്ത് 57 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. ഒമ്പത് പാലങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ചെറുതും വലുതുമായ 106 പാലങ്ങളുടെ പണി പുരോഗമിക്കുന്നുണ്ട്. 13 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ പ്രവൃത്തി ഒന്നിച്ച് പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് ആര്.ഒ.ബി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പണി നടക്കുന്ന പദ്ധതികളില്‍ ഒമ്പതെണ്ണം കിഫ്ബി പദ്ധതിയാണ്.
നാലെണ്ണം പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചിട്ടുള്ളതുമാണ്. ഇതില്‍ പരമാവധി ആര്.ഒ.ബികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത നഗരസഭ വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുള്ള, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്മാന് വി.വി. രമേശന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. മായാകുമാരി, കെ. ലത, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ വി. മിത്ര, പ്രഭാകരന് വാഴുന്നോറടി, ബി. ബാലന്, വല്സന് അരയി, സുരേശന് മോനാച്ച, രഘു മോനാച്ച എന്നിവര്‍ സംസാരിച്ചു. പള്ളിക്കൈ രാധാകൃഷന് സ്വാഗതവും രമാ പത്മനാഭന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.