ഇതാണോ സ്മാർട്ട് ക്ലാസ് ?
text_fieldsനീലേശ്വരം: പൊതുവിദ്യാലയങ്ങൾ എല്ലാം സ്മാർട്ടായെന്ന് അവകാശപ്പെടുമ്പോഴും ബളാൽ പഞ്ചായത്തിലെ കനകപ്പള്ളിയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിന്റെ പ്രവർത്തനം പരിതാപകരമാണ്.
ഒരടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് കനകപ്പള്ളി ജി.എൽ.പി സ്കൂൾ. ഒന്നു മുതൽ നാലുവരെ പഠിക്കുന്ന നൂറുകണക്കിന് കുരുന്നുകളുടെ ഓരോ ദിവസത്തെ പഠനവും ദുരിതമാണ്. ചോർന്നൊലിക്കുന്ന സ്കൂൾ കെട്ടിടത്തിൽ ക്ലാസ് മുറികളിൽ വെള്ളം തളംകെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
വെള്ളത്തിന് മുകളിൽ ഇരുന്ന് പഠിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ കുട്ടികൾ. വർണാഭമായ ക്ലാസ് മുറികളും ചുവരുകളും കളിസ്ഥലവുമൊക്കെ ഇവർക്കന്യമാണ്. മഴക്കാലമായാൽ പിന്നെ പഠനദുരിതം ഇരട്ടിയാകും.
മഴപെയ്താൽ മൈതാനത്ത് വെള്ളം നിറയും. ഈ വെള്ളം ക്ലാസ് മുറികളിലേക്ക് എത്തുന്നതോടെ ഒഴുകിപ്പോകാൻ മറ്റുവഴികളില്ലാതെ കെട്ടിക്കിടക്കും. ഒപ്പം മേൽക്കൂര ചോർന്നൊലിക്കുന്ന വെള്ളവും വേറെ. വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം നാലുവർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. ബളാൽ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന ഈ സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു.
എന്നാൽ, വർഷം ഒന്ന് തികയുന്നതിനുമുമ്പേ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഇതിനുപുറമേ വൈദ്യുതിയുമില്ല. റബർതോട്ടങ്ങളിലും കശുമാവിൻ തോട്ടങ്ങളിലും കണ്ടുവരാറുള്ള കോട്ടുറുമ എന്ന ചെറുപ്രാണിയുടെ ശല്യവുമുണ്ട്. കൂടാതെ രണ്ട് ശുചിമുറികൾ മാത്രമാണ് സ്കൂളിനുള്ളത്. ഒന്ന് അധ്യാപകർക്കുള്ളതാണ്.
ശേഷിക്കുന്ന ഒരു ശുചിമുറിയാണ് എല്ലാ വിദ്യാർഥികളും ഉപയോഗിക്കുന്നത്. മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും സ്മാർട്ട് ക്ലാസുകൾ എടുക്കാൻ കഴിയാത്തതും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിലും കുട്ടികളുടെ രക്ഷിതാക്കൾ ആശങ്കയിലാണ്. പൊതുവിദ്യാലയങ്ങൾ എല്ലാം സ്മാർട്ടായെന്ന് അവകാശപ്പെടുന്ന സർക്കാർ സംവിധാനം ഇതൊന്ന് കൺതുറന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.