അടച്ചിട്ട തെരു റോഡ് തുറക്കും ജനമൈത്രി പൊലീസ് ഇടപെട്ടു
text_fieldsനീലേശ്വരം: നഗരത്തിന്റെ പ്രവേശന കവാടമായ ഹൈവേ ജങ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന് ഒടുവിൽ താൽക്കാലിക പരിഹാരം. തിങ്കളാഴ്ചക്കകം തെരു റോഡ് തുറന്നുകൊടുക്കും
നഗരസഭാധികൃതർ ഇടപെടേണ്ട വിഷയത്തിൽ ഒടുവിൽ ജനമൈത്രി പൊലീസ് ഇടപെട്ട് പരിഹാരം കണ്ടു. ഹൈവേ ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിയണമെങ്കിൽ നഗരഹൃദയത്തിൽ അടച്ചിട്ട തെരു റോഡ് തുറന്നുകൊടുക്കണമെന്നാവശ്യം ശക്തമായിരുന്നു.
ഈ റോഡ് അടച്ചിട്ടതുമൂലം നീലേശ്വരം രാജാ റോഡ്, ഹൈവേ ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഈ ഗതാഗതക്കുരുക്കിന്റെ വാർത്തകൾ ആഗസ്റ്റ് 20നും 24നും മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട നീലേശ്വരം ജനമൈത്രി പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് ദേശീയപാത കരാറുകാരായ മേഘ കമ്പനിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തിങ്കളാഴ്ചക്കകം തെരു റോഡ് തുറന്നുകൊടുക്കുമെന്ന് കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു.
ഹൈവേ റോഡിൽ എത്തിച്ചേരുന്ന തെരു റോഡ് അടച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിലെ കയറ്റത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടങ്ങൾ ഒഴിവാക്കാനാണ് തെരു റോഡ് ജങ്ഷൻ അടച്ചിട്ടത്. ഇപ്പോൾ ഹൈവേ ജങ്ഷനിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഒരു ഭാഗം റോഡ് പൂർണമായി അടച്ചിട്ട നിലയിലാണ്. ഇതേ തുടർന്ന് ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങൾ ഒറ്റവരി പാതയിൽ പോകുന്നതിനാൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. ഈ ഗതാഗതക്കുരുക്ക് അഴിയനാണ് അടച്ചിട്ട തെരു റോഡ് തുറക്കണമെന്നാവശ്യം ഉയർന്നത്.
സി.ഐ.ടി.യു
തെരു റോഡിന്റെ ഇറക്കം തുടങ്ങുന്നിടത്ത് കുറച്ച് റോഡിന്റെ ഭാഗം ഇടിച്ച് നിരപ്പാക്കി ഹൈവേ റോഡുമായി ചേരുന്ന വിധത്തിൽ നിർമിച്ചാൽ അപകടം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ. ഉണ്ണിനായർ പറഞ്ഞു.
ഐ.എൻ.ടി.യു.സി
തെരു റോഡ് ജങ്ഷൻ ഭാഗം ഗതാഗതയോഗ്യമാക്കിയാൽ നഗരത്തിലെയും ഹൈവേയിലും ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നും ഇതിന് നഗരസഭ അധികൃതർ ഇടപെടണമെന്നും ഓട്ടോ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി നീലേശ്വരം ഡിവിഷൻ ട്രഷറർ മാമുനി ശശി ആവശ്യപ്പെട്ടു.
ഗുഡ്സ് ട്രാൻസ്പോർട്ട് യൂനിയൻ
തെരു റോഡ് ഇറക്കത്തിൽ മണ്ണിട്ട് നികത്തി വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കാൻ കഴിഞ്ഞാൽ ഹൈവേയിലെ ഗതാഗത സ്തംഭനം ഇല്ലാതാകുമെന്നും പൊലീസും നഗരസഭ അധികൃതരും ഒരുമിച്ച് ഇത് യാഥാർഥ്യമാക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി ശശി വെങ്ങാട്ട് ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലർ
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ തകർന്ന് അപകടാവസ്ഥയിലായ തെരു റോഡ് ജങ്ഷൻ ഗതാഗത യോഗ്യമാക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് നീലേശ്വരം ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.