നീലവസന്തം; ദൃശ്യവിരുന്നായി കരിന്തളത്തെ കാക്കപ്പൂക്കൾ
text_fieldsനീലേശ്വരം: ഓണത്തെ വരവേൽക്കാൻ ദൃശ്യനീലിമയുടെ വസന്തംതീർത്ത് കാക്കപ്പൂക്കൾ. കരിന്തളം തോളേനി മുത്തപ്പൻ മടപ്പുരക്ക് സമീപത്താണ് നീലപ്പരവതാനി വിരിച്ചതുപോലെ കാക്കപ്പൂക്കൾ വിടർന്നുനിൽക്കുന്നത്. ഓണത്തിന്റെ വരവറിയിച്ച് നോക്കെത്താദൂരത്തോളം കാക്കപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കണ്ണുകളിൽ കുളിർമയുള്ള കാഴ്ചയാണ്.
പ്രകൃതിവരദാനമായ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നാട്ടുപൂക്കൾ പലതും അപ്രത്യക്ഷമായ ഇക്കാലത്ത് കാക്കപ്പൂ വിരിഞ്ഞത് പുതുതലമുറക്കും വേറിട്ടകാഴ്ചയാണ്. ജൂലൈ അവസാനത്തോടെ കാക്കപ്പൂക്കൾ വിരിയാൻ തുടങ്ങി. കാക്കപ്പൂ വിരിഞ്ഞുകഴിഞ്ഞാൽ ഒരുമാസത്തോളം നീലപ്പൂക്കളുടെ ഭംഗി ഇവിടെ കൺകുളിർക്കെ നിറഞ്ഞുനിൽക്കും.യൂറ്റിക്കുലെറിയ എന്ന ശാസ്ത്രനാമത്തിലാണ് കാക്കപ്പൂക്കൾ അറിയപ്പെടുന്നത്. ഈ ചെറിയ പൂക്കൾ കൂട്ടമായാണ് പൊതുവെ കാണാറുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കാക്കപ്പൂക്കൾ ഉണ്ടാകാറുള്ളത്. അത്തംതൊട്ട് തിരുവോണം വരെയുള്ള പത്തു ദിവസം പൂക്കളമിടാൻ ഒരുപിടി കാക്കപ്പൂക്കൾ ഇത്തവണയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.