കരിന്തളം പഞ്ചായത്ത് ഓഫിസ് പ്രവർത്തനം അവതാളത്തിൽ
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ മാസങ്ങളായി സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ലാതായതോടെ ഓഫിസ് പ്രവർത്തനം അവതാളത്തിലായി. രണ്ടു പേരുമില്ലാതായതോടെ ഹെഡ് ക്ലർക്കിനാണ് താൽക്കാലിക ചുമതല നൽകിയത്.
ഒക്ടോബർ 21ന് മുമ്പ് പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഫയലുകൾ തീർക്കേണ്ടതുണ്ട്. അടുത്ത സാമ്പത്തികവർഷത്തെ പ്രോജക്ടുകൾ തയാറാക്കാനുള്ള നടപടിയും ഇപ്പോൾ തുടങ്ങേണ്ടതുണ്ട്. ഒരുവർഷം കൂടി മാത്രം കാലാവധിയുള്ള നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അടങ്ങിയ പ്രവൃത്തികളും തീർക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികളെല്ലാം നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹെഡ് ക്ലർക്കും മറ്റ് ജീവനക്കാരും ഇതിനു പിന്നാലെ നിൽക്കുമ്പോൾ, നിത്യേന ഓഫിസിൽ വരുന്നവരുടെ കാര്യങ്ങൾ തീർക്കാൻ നന്നേ പ്രയാസമനുഭവിക്കുകയാണ്. പൊതുജനങ്ങൾക്ക് അവശ്യനിവൃത്തിക്കായി നിത്യവും ഓഫിസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ആറുമാസമായി ഒഴിഞ്ഞുകിടന്ന എൻജിനീയർ തസ്തികയിൽ കഴിഞ്ഞദിവസമാണ് പുതിയ എൻജിനീയർ ചാർജെടുത്തത്. സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ലാത്തത് തൊഴിലുറപ്പ് തൊഴിലാളികളെയും കാര്യമായി ബാധിക്കുന്നുണ്ട്. മലയോരത്തെ പ്രധാന പഞ്ചായത്തായതിനാൽ കർഷകരാണ് കൂടുതലും. അതുകൊണ്ടുതന്നെ ഇത്തരക്കാർ പല ആവശ്യങ്ങൾക്കായി എത്തുമ്പോൾ സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ലാത്തതിനാൽ കുഴങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.