കരിന്തളം യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം; തറക്കല്ലിട്ട് അഞ്ചുവർഷം, എന്തൊരു യോഗം!
text_fieldsനീലേശ്വരം: സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയും ജില്ലക്ക് ഏറെ പ്രതീക്ഷയും നൽകിയ കരിന്തളം യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം തറക്കല്ലിൽ മാത്രമൊതുങ്ങി. ശിലാസ്ഥാപനം നടത്തിയിട്ട് അഞ്ചുവർഷം പിന്നിട്ടിട്ടും കെട്ടിടം മാത്രം ഉയർന്നില്ല. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ കേന്ദ്ര പദ്ധതിയാണ് ചടങ്ങിൽ മാത്രം ഒതുങ്ങിയത്. കരിന്തളം വില്ലേജിൽ റിസർവേ നമ്പർ 89/1ൽപെട്ട തോളേനിയിലെ 15 ഏക്കർ 100 രൂപ പാട്ട നിരക്കിൽ 30 വർഷത്തേക്കാണ് സംസ്ഥാന സർക്കാർ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് വിട്ടുകൊടുത്തത്. 80 കോടി ചെലവിട്ട് 100 കിടക്കകളോടെയുള്ള ആശുപത്രി സമുച്ചയം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞത്. സാധാരണ യോഗ- നാച്ചുറോപ്പതി ചികിത്സക്ക് 2000ത്തിലധികം രൂപ ഒരു ദിവസം ചെലവഴിക്കേണ്ടിടത്ത് ആയുഷിന്റെ ഗവേഷണകേന്ദ്രവും ആശുപത്രിയും ഒരുക്കിയാൽ 500 രൂപ ചെലവിട്ടാൽ മതിയാകും.
മാത്രമല്ല, മുൻഗണന പട്ടികയിലുള്ളവർക്ക് ചികിത്സ സൗജന്യവുമാണ്. ആദ്യ എൻ.ഡി.എ മന്ത്രിസഭയുടെ കാലത്ത് 2019 ഫെബ്രവരി മൂന്നിന് കേന്ദ്ര ആയുഷ് മന്ത്രിയായ ശ്രീപദ് നായിക്കാണ് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് അധ്യക്ഷത വഹിച്ചത്. രണ്ടാമത് എൻ.ഡി.എ സർക്കാറിൽ ആയുഷ് വകുപ്പിന്റെ ചുമതല ശ്രീപദ് നായിക്കിന് തന്നെ ലഭിച്ചിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. വടക്കൻ കേരളത്തിന്റെ തന്നെ ആരോഗ്യരംഗത്തെ ഒരു മഹദ് സംരംഭമാകേണ്ട ഈ ചികിത്സ ഗവേഷണകേന്ദ്രം ഇന്നും ജില്ലയുടെ ഒരു സ്വപ്നപദ്ധതിയായി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.