കോട്ടപ്പുറം കൊലപാതകം: ആയുധം കണ്ടെത്തി
text_fieldsനീലേശ്വരം: കോട്ടപ്പുറം- മാട്ടുമ്മല്‍ റോഡ് പാലം നിര്‍മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി തമിഴ്നാട് മധുര ഉസാംഭട്ട് സ്വദേശി രമേശിനെ(43) കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി.
പ്രതികള്‍ താമസിച്ചിരുന്ന വാടകവീടിനു സമീപത്തെ ചെത്തുകല്ലുകള്ക്കിടയില് ഒളിപ്പിച്ചുവെച്ച നിലയിലാണ് രമേശനെ തലക്കടിക്കാന്‍ ഉപയോഗിച്ച പത്രക്കടലാസില്‍ പൊതിഞ്ഞ ഇരുമ്പുവടി കണ്ടെത്തിയത്. ഈ ഇരുമ്പുവടി ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കാന്‍ കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനും സംഘവും പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. ഗോപാലകൃഷ്ണപിള്ളയെ ആയുധം കാണിച്ച് പരിശോധിപ്പിച്ചു.
തലക്ക് അടിയേറ്റ പരിക്കോ പാടുകളോ കാണാതിരിക്കാന്‍ ഇരുമ്പുവടി കടലാസില്‍ പൊതിഞ്ഞാണ് ഒന്നാംപ്രതിയായ ബൈജു പുരുഷോത്തമന് രമേശന്റെ തലക്കടിച്ചത്. അതാണ് മരണം ഹൃദയാഘാതം മൂലം ആകാമെന്ന് പ്രാഥമികമായി വിലയിരുത്തിയത്.
എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ കണ്ടെത്താനായത്.
പൊലീസ് അറസ്റ്റുചെയ്ത സഹ തൊഴിലാളികളും സുഹൃത്തുക്കളുമായ എറണാകുളം മത്സ്യപുരി വാത്തുരുത്തിയില്‍ കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു പുരുഷോത്തമന് (53), എറണാകുളം കളമശ്ശേരി മാളികേയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസല്‍ (43), എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പള്ളിപറമ്പില്‍ ഹൗസില്‍ ഡാനിയല്‍ ബെന്നി(42) എന്നിവരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെയും നീലേശ്വരം സി.ഐ പ്രേംസദന്, എസ്.ഐമാരായ കെ. ശ്രീജിത്ത് എന്നിവരുടെയും നേതൃത്വത്തില്‍ നടത്തിയ സമഗ്ര അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.