ചോയ്യങ്കോട് കക്കോൽ പ്രദേശത്ത് പുലിയെ കണ്ടെത്തി; നാട്ടുകാർ ഭീതിയിൽ
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് കക്കോൽ പ്രദേശത്ത് പുലിയെ കണ്ടെത്തി.
കക്കോൽ പള്ളത്തിന്റെ പാറപ്രദേശത്താണ് വ്യാഴാഴ്ച രാവിലെ ആറിന് നടക്കാനിറങ്ങിയ കക്കോലിലെ ജിഷ്ണു പുലിയെ കണ്ടത്. ഉടൻ മൊബൈലിൽ വിഡിയോ പകർത്തി നാട്ടുകാരെ അറിയിച്ചു. വിഡിയോ ചിത്രീകരിച്ചത് ഭീമനടി സെക്ഷൻ വനം അധികൃതർ പരിശോധിച്ച ശേഷം പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായുള്ള വിവരം പരന്നതോടുകൂടി നാട്ടുകാരും സമീപവാസികളും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ഭീതിയിൽ കഴിയുകയാണ്.
തുടർന്ന് വനം അധികൃതർ കക്കോൽ പാറപ്രദശത്ത് പരിശോധന നടത്തി. എന്നാൽ, പാറപ്രദേശമായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ ലഭ്യമാകില്ലെന്ന് സ്ഥലത്ത് പരിശോധനക്ക് നേതൃത്വം നൽകിയ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ. ലക്ഷ്മണൻ പറഞ്ഞു. മാത്രമല്ല പ്രദേശത്തുനിന്ന് വളർത്തു മൃഗങ്ങളൊന്നും അപ്രത്യക്ഷമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അജിത്ത് കുമാർ, യദുകൃഷ്ണൻ, ഹരി, വാച്ചർമാരായ മിഥുൻ, മഹേഷ് എന്നിവരും വ്യാപകമായി തിരച്ചിൽ നടത്തി. പുലിയെ കണ്ടതായി സംശയിക്കുന്ന സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ആവശ്യമാണെങ്കിൽ സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് വനം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.