കുണ്ടുപ്പള്ളിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ
text_fieldsനീലേശ്വരം: ടാറിങ് ഇളകി അപകടാവസ്ഥയിലായി ഗതാഗതം തടസ്സപ്പെട്ട പാണത്തൂർ-റാണിപുരം റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. ഈ റോഡിൽ പലയിടത്തും ടാർ ഇളകി യാത്ര ദുഷ്കരമായിരുന്നു. ഇതുമൂലം വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത് ഒഴിവാക്കിയിരുന്നു. ഒരു സ്വകാര്യ കമ്പനി പാണത്തൂർ മുതൽ റാണിപുരം വരെ കേബിൾ ഇടുന്നതിനായി റോഡരികിൽ കുഴിയെടുത്തതാണ് ടാറിങ് ഇളകി റോഡ് നശിക്കാൻ കാരണമായത്. ഇതിന് നഷ്ടപരിഹാരമായി കേബിൾ കമ്പനി 46 ലക്ഷം രൂപ പനത്തടി ഗ്രാമപഞ്ചായത്തിൽ അടച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കലുങ്കിന്റെയും ഓടയുടേയും പണികൾ പൂർത്തീകരിച്ചെങ്കിലും കരാറുകാരൻ റീ ടാറിങ് ചെയ്തിരുന്നില്ല. ഇതാണ് റോഡ് നശിച്ച് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്.
ടാർ ഇളകി ഏറ്റവും കൂടുതൽ റോഡ് നശിച്ച കുണ്ടുപ്പള്ളി വളവിന് താഴെയുള്ള കയറ്റമാണ് നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ നിരവധി വാഹനങ്ങളാണ് റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഇവിടെയെത്തി തിരിച്ചുപോകുന്നത്. എം.കെ. സുരേഷ്, എം.എം. കുഞ്ഞിരാമൻ, എം.കെ. സുകുമാരൻ, ശശി, പി. ബാബു, രാജേഷ്, മനോജ്, സുരു, കുമാരൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, സിനോജ് തോമസ്, രാധാകൃഷ്ണൻ കുട്ടിനായക്ക്, രഞ്ജിത് രാമൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.