ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് പണം തട്ടി
text_fieldsനീലേശ്വരം: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപന തൊഴിലാളിയെ കബളിപ്പിച്ച് പണം കൈക്കലാക്കി അജ്ഞാതൻ മുങ്ങി. നീലേശ്വരം തളിയിൽ ക്ഷേത്ര റോഡരികിൽ മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന ഇരിയ കാട്ടുമാടം സായി ഗ്രാമത്തിലെ കെ. സാവിത്രിയാണ് (43) കബളിപ്പിക്കപ്പെട്ടത്.
തിങ്കളാഴ്ച ഉച്ച ഒന്നരക്കാണ് 40-50 പ്രായമുള്ള കണ്ണടവെച്ച, പാൻറ്സും വെളുത്ത ടീ ഷർട്ടും ധരിച്ച ഒരാൾ പരിചയം നടിച്ച് 4000 രൂപ തട്ടിയെടുത്തത്. സമീപത്തെ സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും കോവിഡ് വന്നവർക്ക് ചികിത്സ സഹായമായി പണം നൽകുന്നുണ്ടെന്നും നിങ്ങളുടെ കുടുംബക്കാരെ അറിയാമെന്നും പറഞ്ഞാണ് സാവിത്രിയുടെ വിശ്വാസം നേടിയത്.
കോവിഡ് ചികിത്സ സഹായത്തിനായി ആദ്യ ഗഡുവായി 5000 ബാങ്കിൽ അടച്ചാൽ ഒരു ലക്ഷം രൂപവരെ ചികിത്സ സഹായം കിട്ടുമെന്ന് അജ്ഞാതൻ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനിടെ ലോട്ടറി ടിക്കറ്റ് വിറ്റുതീരുകയും വീണ്ടും വാങ്ങാനായി കരുതിവെച്ച 4000 രൂപ ഇയാൾ കാണുകയും ചെയ്തു.
എണ്ണിനോക്കട്ടെ എന്നുപറഞ്ഞ് ആ പണം വാങ്ങി. സാവിത്രി പിറകിലോട്ടൊന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും പണവുമായി ഇയാൾ മുങ്ങി. ഇയാളെ അന്വേഷിച്ച് സമീപത്തെ സിൻഡിക്കറ്റ് ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ ഇത്തരമൊരു ആളോ, കോവിഡ് സഹായമോ നൽകുന്നില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഭർത്താവ് മരിച്ചപ്പോൾ മകൻ ഉൾപ്പെടെയുള്ള കുടുംബം പുലർത്താൻ സാവിത്രി ഹോട്ടൽ ജോലി ഉൾപ്പെടെ പലതും ചെയ്തു. പിന്നീട് മുച്ചക്ര വാഹനത്തിൽ ഇരിയയിൽ നിന്ന് നീലേശ്വരത്ത് എത്തിയാണ് ലോട്ടറി വിൽപന നടത്തി വരുമാനം കണ്ടെത്തുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് നാലിന് ലോട്ടറി വിൽപന അവസാനിപ്പിച്ച് ഇരിയയിലേക്ക് മടങ്ങും. സാവിത്രിയുടെ സുഹൃത്തുക്കൾ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവെങ്കിലും തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. നീലേശ്വരം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.