എന്ന് വരും, മിനി സിവിൽ സ്റ്റേഷൻ?
text_fieldsനീലേശ്വരം: വികസനകാര്യത്തിൽ നീലേശ്വരത്തിന്റെ സ്വപ്നപദ്ധതിയായ സിവിൽ സ്റ്റേഷൻ പദ്ധതി മുട്ടിലിഴയുന്നു. അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണ് നഗരസഭ അധികൃതർ സർക്കാർ സഹായത്തോടെ പദ്ധതിയുമായി മുന്നോട്ടുപോയത്. നിലവിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസ്, ഭഷ്യസുരക്ഷ ഓഫിസ് എന്നിവ പൊളിച്ചുനീക്കിയ സ്ഥലത്ത് നഗരഹൃദയത്തിൽതന്നെയാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
അഞ്ചു കോടി രൂപയാണ് സംസ്ഥാനസർക്കാർ പദ്ധതിക്കായി നീക്കിവെച്ചത്. സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് എം. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധിതവണ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗംചേർന്നിരുന്നെങ്കിലും ഇതുവരെ നിർമാണമാരംഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ നീലേശ്വരത്തെത്തി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പരിശോധനയും മറ്റും നടത്തിയിരുന്നു.
2020-21 ബജറ്റിലാണ് അഞ്ചു കോടി ചെലവിൽ നീലേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ജില്ല ഓഫിസുകൾ ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് നീലേശ്വരം. എന്നാൽ, നഗരസഭയായി ഉയർന്നതോടെ കഴിഞ്ഞ 10 വർഷത്തിനിടെ 10 ഓഫിസുകൾ ഇവിടെനിന്ന് മാറിപ്പോയിരുന്നു. മതിയായ കെട്ടിടസൗകര്യമില്ലെന്നതായിരുന്നു കാരണം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.