നഗര മാതാവേ... ഇവരും സ്ത്രീകളാണ്
text_fieldsനീലേശ്വരം: ‘നഗരസഭ ഭരിക്കുന്നത് ഒരു വനിതയായിട്ടു പോലും ദേശീയപാതയോരത്ത് മത്സ്യം വിൽപന നടത്തുന്ന സ്ത്രീ തൊഴിലാളികളോട് ഇങ്ങനെ ചെയ്യരുത്’ പറയുന്നത് നീലേശ്വരത്തെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ. അവർക്ക് മത്സ്യം വിൽക്കാൻ ഒരു കെട്ടിടം എന്ന ആവശ്യത്തിന് പഴക്കം ഏറെയായി. വാഹനങ്ങൾ ദേശീയ പാതയോരത്തു കൂടി ചീറിപ്പായുന്നുണ്ടെങ്കിലും കുടുംബം പുലർത്താൻ റോഡരികിൽ ഈ സ്ത്രീകൾ മത്സ്യവിൽപന നടത്തേണ്ട ഗതികേടിലാണ്.
കത്തുന്ന വെയിലിലും മഴയിലും ഇവർ തങ്ങളുടെ ഉപജീവന മാർഗം നയിക്കുകയാണ്. തങ്ങൾ തൊണ്ട വരണ്ടാലും വെള്ളം കുടിക്കാറില്ലെന്ന് ഇവർ പറഞ്ഞു. മൂത്രശങ്ക വന്നാൽ യാതൊരു മാർഗവും ഇല്ലാത്തതിനാലാണ് കുടിവെള്ളം തന്നെ വേണ്ടെന്നു വെച്ചത്. നീലേശ്വരം പഞ്ചായത്ത് വളർന്ന് 14 വർഷമായി നഗരസഭയായി ഉയർന്നിട്ടും ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ ഭരണം നടത്തിയ ആർക്കും കഴിഞ്ഞിട്ടില്ല.
മാർക്കറ്റ് ജങ്ഷനിൽ റോട്ടറി ക്ലബ് കെട്ടിക്കൊടുത്ത ഷെഡ് റോഡ് വികസനത്തിന്റെ പേരിൽ ഇല്ലാതായത് മൂലമാണ് മത്സ്യത്തൊഴിലാളി സ്ത്രീകൾ പെരുവഴിയിലായത്. ഇവിടെ 15 ഓളം സ്ത്രീകളാണ് മത്സ്യവിൽപന നടത്തിവന്നിരുന്നത്. ഇവർ ഇപ്പോൾ ഹൈവേയുടെ അരികിലാണ് വിൽപന നടത്തുന്നത്.
ചീറിപ്പാഞ്ഞു വരുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവർക്ക് അശ്രദ്ധ വന്നാൽ ഒരു ദുരന്തത്തിന് നീലേശ്വരം സാക്ഷിയാകേണ്ടിവരും. എല്ലാവർഷവും നഗരസഭ ബജറ്റിൽ ലക്ഷങ്ങൾ നീക്കിവെക്കുന്നതല്ലാതെ മത്സ്യമാർക്കറ്റ് കെട്ടിടം നിർമിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
നീലേശ്വരം മേൽപാലത്തിന് കീഴിൽ ആശുപത്രിയിലേക്കു പോകുന്ന റോഡരികിലും പത്തോളം സ്ത്രീകൾ മത്സ്യവിൽപന നടത്തുന്നുണ്ട്. പടിഞ്ഞാറ്റം കൊഴുവൽ റോഡരികിലും വിൽപന നടത്തുന്നുണ്ട്. നീലേശ്വരത്ത് 50 ഓളം സ്ത്രീകൾ വിവിധ സ്ഥലങ്ങളിൽ ഇതുപോലെ പണിയെടുക്കുന്നുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വന്ന് ഒരു ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.