നീലേശ്വരം കാമ്പസിലെ കോഴ്സുകൾ മാറ്റാനുള്ള നീക്കം; ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിന്
text_fieldsനീലേശ്വരം: കണ്ണൂർ സർവകലാശാലയടെ കീഴിൽ പ്രവർത്തിക്കുന്ന നീലേശ്വരം പാലാത്തടത്തെ പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽനിന്ന് കോഴ്സുകൾ മാറ്റാനുള്ള നീക്കത്തിനെതിരെ സി.വൈ.എഫ്.ഐ പ്രക്ഷോഭത്തിന്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് കണ്ണൂർ സർവകലാശാല സ്ഥാപിതമായത്. തുടർന്ന് മൂന്ന് ജില്ലകളിലായി കാമ്പസുകൾ സ്ഥാപിച്ചു, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ഒരുക്കിയാണ് സർവകലാശാല തങ്ങളുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നത്.
പൊതുവിൽ പിന്നാക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2008ൽ പാലാത്തടത്ത് കാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് കാമ്പസ് എന്ന സവിശേഷതയും പ്രസ്തുത കാമ്പസിനുണ്ട്.
അഞ്ചു കോഴ്സുകളാണ് ആരംഭഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ.ടി, എം.ബി.എ. വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർഥികളുടെയടക്കം ആശ്രയമായിരുന്നു ഈ കാമ്പസ്.
എന്നാൽ, നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എം.സി.എ സെന്ററിൽ വിദ്യാർഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അത് അടച്ചുപൂട്ടേണ്ടിയും വന്നു. അതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ കോഴ്സ് നവീകരിക്കാനോ ഉള്ള ശ്രമമോ സർവകലാശാല നടത്തിയില്ല.
രണ്ടു വർഷം മുമ്പ് അവിടെ മറ്റൊരു കോഴ്സായ എം.എസ്.സി. മോളിക്യൂലാർ ബയോളജി കണ്ണൂർ, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി ശാസ്ത്രവിഷയങ്ങളുടെ ഏകീകരണം ആണ് കാരണമായി പറഞ്ഞത്, മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കുന്നുമുണ്ട്.ഇപ്പോൾ മലയാളം, ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ മാറ്റാനാണ് ശ്രമം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഒമ്പതിന് സർവകലാശാലയിൽ യോഗം വിളിച്ചിരിക്കുകയാണ്. പ്രസ്തുത കോഴ്സ് കൂടി ഇല്ലാതാകുന്നതോടെ കാമ്പസ് തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകും.
ഇവിടുത്തെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾ കരിഞ്ഞു പോകും. ഈ കോഴ്സ് ഇവിടെ തന്നെ നിലനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും പുതിയ കോഴ്സുകൾ അനുവദിക്കുകയുമാണ് വേണ്ടത്. കോഴ്സുകൾ മാറ്റാനുള്ള നീക്കം സർവകലാശാല ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.