പാലം അപകടാവസ്ഥയിൽ; നെഞ്ചിടിപ്പോടെ മുണ്ടേമ്മാട് ദ്വീപുവാസികൾ
text_fieldsനീലേശ്വരം: തോണിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ദ്വീപ് നിവാസികൾക്ക് പാലം ആശ്വാസമായെങ്കിൽ ഇപ്പോൾ കുടുംബങ്ങൾ നെഞ്ചിടിപ്പോടെയാണ് ജീവിക്കുന്നത്. നീലേശ്വരം നഗരസഭയിലെ ഏക ദ്വീപ് നാടായ മുണ്ടേമ്മാട് പ്രദേശവാസികൾക്കാണ് ഉറക്കം നഷ്ടപ്പെട്ടത്. 75 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും മുണ്ടേമ്മാട് പുഴക്കു കുറുകെ നിർമിച്ച പാലമാണ് അപകടാവസ്ഥയിലുള്ളത്.
പാലത്തിന്റെ മധ്യത്തുള്ള തൂണുകൾ പുഴയിലേക്ക് ഏതുനിമിഷവും താഴ്ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഇതുമൂലം പാലത്തിന്റെ മുകളിൽ നടുഭാഗം അമർന്നു. ദ്വീപ് നിവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 1997 ജനുവരി അഞ്ചിന് നിർമാണം പൂർത്തിയാക്കി മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ പാലം തുറന്നുകൊടുത്തത്.
പൊതുമരാമത്ത് വകുപ്പിന്റെ ശിലാഫലകത്തിൽ നടപ്പാലമെന്നാണ് എഴുതിയത്. എന്നാൽ, പിന്നീട് നാട്ടുകാർ പാലത്തിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങി. പുഴയിലെ ശക്തമായ ചളിയും അനധികൃത പൂഴിവാരലുമാണ് പാലം തകർച്ച നേരിടാൻ പ്രധാനകാരണം. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ദ്വീപിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം വീട്ടിലേക്ക് കയറുന്നതും മറ്റൊരു ഭീഷണിയാണ്.
കള്ളുചെത്തും ബീഡിതെറുപ്പും കൂലിപ്പണിയെടുത്തുമാണ് ഭൂരിഭാഗം കുടുംബങ്ങളും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പാലത്തിന്റെ അപകടഭീഷണിയിൽ ഇവർ ഭീതിയോടെയാണ് കഴിയുന്നത്. പുതിയൊരു പാലം വേണമെന്ന മുണ്ടേമ്മാട് ദ്വീപ് നിവാസികളുടെ ആവശ്യം ഇപ്പോഴും സർക്കാറിന്റെ പരിഗണനയിലാണ്.
എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിൽ 2022ലെ ബജറ്റിൽ പുതിയ പാലം നിർമിക്കാൻ 10 കോടി രൂപ നീക്കിവെച്ചങ്കിലും തുടർനടപടികളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.