നഗരസഭ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്: രണ്ടാം നില കോൺക്രീറ്റ് ചെയ്തു
text_fieldsനീലേശ്വരം: കരാർവ്യവസ്ഥയിൽ നഗരസഭയിൽ അസി. എൻജിനീയറെ നിയമിച്ചതോടെ നിർമാണം നിലച്ച നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണപ്രവൃത്തി വീണ്ടും ആരംഭിച്ചു.
ബുധനാഴ്ച കെട്ടിടത്തിന്റെ രണ്ടാം നില എൻജിനീയറുടെ മേൽനോട്ടത്തിൽ കോൺക്രീറ്റ് ചെയ്തു. ഇതോടെ നിർമാണ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. നീലേശ്വരം നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ലക്സ് രണ്ടാംനില കെട്ടിടം കോൺക്രീറ്റ് നിർമാണത്തിന് നഗരസഭ മരാമത്ത് അസി. എൻജിനീയർ മേൽനോട്ടം വഹിക്കാനില്ലാത്തതിനാൽ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. രണ്ടാമത്തെ നിലയിൽ തൂണുകൾ നിർമിച്ച് പ്ലൈവുഡ് ഷീറ്റിട്ട് കമ്പി കെട്ടിവെച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. കനത്തവെയിലിൽ കമ്പിക്കടിയിലെ ഷീറ്റും റണ്ണറുകളും വളഞ്ഞുപോകാനും സാധ്യതയുണ്ടായിരുന്നു. കോൺക്രീറ്റ് നിർമാണം അനിശ്ചിതത്വത്തിൽ നീളുന്നതിനാൽ നഗരസഭ അടിയന്തര കൗൺസിൽ യോഗംചേർന്ന് എൻജിനീയർ തസ്തികയിലേക്ക് വിരമിച്ചവർ ഉൾപ്പെടെയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. ഇതുപ്രകാരം ഒക്ടോബർ 14ന് ഉദ്യോഗാർഥിയുടെ കൂടിക്കാഴ്ച നടന്നു.
ഇതിൽ മൂന്നുമാസം മുമ്പ് നീലേശ്വരം നഗരസഭയിൽനിന്ന് റിട്ടയർ ചെയ്ത അസി. എൻജിനീയർ കെ.വി. ഉപേന്ദ്രൻ ഉൾപ്പെടെ രണ്ടു പേർ അഭിമുഖത്തിന് ഹാജരായി. തുടർന്ന് ഉപേന്ദ്രനെ നഗരസഭ അസി. എൻജിനീയറായി കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുകയും കരാറുകാരനായ ജോയിയുടെ കീഴിൽ രണ്ടാം നില ബുധനാഴ്ച കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കുകയുമായിരുന്നു. അതേസമയം, നഗരസഭയിൽ മരാമത്ത് എൻജിനീയർ വിഭാഗത്തിലെ അസി. എൻജിനീയർ തസ്തികയിൽ പകരം എൻജിനീയർ നിയമനം ഇതുവരെയും നടന്നില്ല.
പകരം സംവിധാനമായി മൂന്നുപേരെ ഇൻ ചാർജ് എന്നനിലയിൽ നിയമിച്ചെങ്കിലും ആരും ഇതിന് തയാറായില്ല. കെട്ടിടനിർമാണ പ്രവൃത്തികൾക്കുള്ള പെർമിറ്റ് അപേക്ഷയും നഗരസഭ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.