വളർത്തുനായ് ഭക്ഷണം കഴിക്കാതെ അവശനായി; എക്സ്റേയിൽ വയറിനുള്ളിൽ എൻ 95 മാസ്ക്!
text_fieldsനീലേശ്വരം: ഭക്ഷണം കഴിക്കാതെ അവശനായ വളർത്തുനായെ ഡോക്ടറെ കാണിച്ച് എക്സ്റേ എടുത്തപ്പോൾ വയറിനുള്ളിൽ കണ്ടത് എൻ 95 മാസ്ക്! നീലേശ്വരം നഗരസഭയിലെ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കരിവള്ളൂരിലെ പലിയേരി കൊവ്വലിലെ ടി.വി. രാജന്റെ രണ്ട് വയസ്സായ ലാബ്രഡർ ഇനത്തിലുള്ള ടോബി എന്ന വളർത്തു നായുടെ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ മാസ്ക് പുറത്തെടുത്തത്. രാജന്റെ ഭാര്യയുടെ കൈയിൽനിന്ന് മാസ്ക് സ്നേഹപൂർവം കടിച്ചെടുത്ത നായ അത് പിന്നീട് അകത്താക്കുകയായിരുന്നു.
ഒരാഴ്ചവരെ നായ അസ്വസ്ഥത പ്രകടിപ്പിച്ചില്ല. ശേഷം ഭക്ഷണം കഴിക്കുമ്പോൾ ഛർദിയും ക്ഷീണവുമായി രോഗശയ്യയിലായി. കാഞ്ഞങ്ങാട്ടെ വെറ്ററിനറി ഡോക്ടർ അഭിനാഷിന്റെ ക്ലിനിക്കിൽ എത്തിച്ച് പരിശോധിച്ചു. സംശയം തോന്നിയ ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. സാധനം കണ്ടെത്തിയപ്പോൾ മരുന്ന് കഴിച്ചാൽ ഇളകിപ്പോകുമെന്ന് പറഞ്ഞു. എന്നാൽ ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ നായ വീണ്ടും അവശനായി. തുടർന്ന് കണ്ണൂർ ജില്ല വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ എക്സ്റേയിലൂടെ മാസ്ക് വയറിനകത്തുണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് ഡോ. ഷെറിൻ ബി. സാരംഗോവിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിൽ എൻ 95 മാസ്ക് പുറത്തെടുത്തു. ഇപ്പോഴും ഭക്ഷണവും വെള്ളവും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പയ്യന്നൂരിലെ ക്ലിനിക്കിൽ എത്തിച്ച് ദിവസവും രാവിലെ ഇഞ്ചക്ഷനിലൂടെ ഗ്ലൂക്കോസ് നൽകുന്നുണ്ട്. വീട്ടിലെ അംഗത്തെപ്പോലെ വളർത്തുന്ന ടോബിയെ തീവ്ര പരിചരണത്തിലൂടെ സാധാരണ നിലയിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനായ ടി.വി. രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.