വേണം, മുക്കട പാലം വഴി കെ.എസ്.ആർ.ടി.സി ബസ്
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം-കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കട പാലം വഴി പരപ്പയിൽനിന്ന് കണ്ണൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് കോടോം ബേളൂർ, കള്ളാർ, പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ സാധിക്കും.
നിർമിച്ച് 17 വർഷത്തിലധികമായിട്ടും ഇതുവഴി ബസ് സർവിസ് ആരംഭിച്ചില്ല.
മലയോരത്തുനിന്ന് ചീമേനി, പയ്യന്നൂർ, ചെറുവത്തൂർ, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴികൂടിയാണ് ഈ പാലം.
വർഷങ്ങൾക്കുമുമ്പ് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിൽനിന്ന് ചീമേനി, പയ്യന്നൂർ വഴി പറശ്ശിനിക്കടവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിരുന്നെങ്കിലും ദിവസങ്ങൾ മാത്രമേ ഇത് ഓടിയുള്ളൂ. ഇതുവഴി ബസില്ലാത്തതിനാൽ മലയോരജനത കിലോമീറ്ററുകൾ സഞ്ചരിച്ച് നീലേശ്വരത്തെത്തിയാണ് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്നത്. ചീമേനി ഐ.എച്ച്.ആർ.ഡി, തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ്, പയ്യന്നൂർ പാസ്പോർട്ട് ഓഫിസ്, കണ്ണൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെത്താൻ 25 കിലോമീറ്ററുകളോളം അധികം യാത്രചെയ്യേണ്ട സ്ഥിതിയാണ്.
അതുകൊണ്ടുതന്നെ മുക്കടപ്പാലം വഴി ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് നാട്ടുകാർ നിവേദനമയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.