നീലേശ്വരം; ബ്രിഡ്ജ് നിർമാണം നിർത്തിവെക്കണം -കർമസമിതി
text_fieldsനീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തെ രണ്ടായി വിഭജിക്കുകയും കിഴക്കൻ മലയോര മേഖലയിലേക്കുള്ള യാത്ര ദുഷ്കരമാക്കുകയും ചെയ്യുന്ന നീലേശ്വരം മാർക്കറ്റിലെ നിർദിഷ്ട എംബാങ്ക്ഡ് ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്ന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നീലേശ്വരം നഗരസഭതല കർമസമിതി യോഗം ആവശ്യപ്പെട്ടു. മാർക്കറ്റ് ജങ്ഷനിൽ മണ്ണിട്ടുയർത്തി എംബാങ്ക്ഡ് ബ്രിഡ്ജ് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പകരം എലവേറ്റഡ് ബ്രിഡ്ജ് നിർമിക്കുക, നീലേശ്വരം പുഴക്ക് കുറുകെയുള്ള പഴയ റോഡുപാലം പൊളിച്ച് പുതിയ പാലം നിർമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നഗരസഭാതല സർവകക്ഷി സംഘം ദേശീയപാത അധികൃതർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. നഗരസഭതലത്തിൽ വിവിധ പ്രക്ഷോഭങ്ങളും നടന്നിരുന്നു. കഴിഞ്ഞ ഡിസംബർ 14ന് നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം ഡൽഹിയിലെത്തി മുന് ലോക്സഭാംഗം പി. കരുണാകരന്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്, എ.എ. റഹീം എന്നീ എം.പിമാർക്കൊപ്പം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.
വിഷയം പരിശോധിക്കാമെന്ന് മന്ത്രി നിവേദകസംഘത്തിന് ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിയുടെ മറുപടി ലഭ്യമാകുന്നതുവരെ നിർമാണ പ്രവൃത്തി നിർത്തിവെക്കണമെന്നാണ് കർമസമിതിയുടെ ആവശ്യം. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി. ഭാർഗവി, കർമസമിതി കൺവീനർ ടി.വി. ദാമോദരൻ, പി. വിജയകുമാർ, പി.യു. വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, വി.വി. ഉദയകുമാർ, കെ.വി. ചന്ദ്രൻ, എം.വി. ഷൗക്കത്ത്, എ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.