പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമത്; നീലേശ്വരം നഗരസഭക്ക് നേട്ടം
text_fieldsനീലേശ്വരം: 2023-24 വാർഷിക പദ്ധതി നിർവഹണത്തിൽ നീലേശ്വരം നഗരസഭ സംസ്ഥാനത്ത് ഒന്നാമതെത്തി. ബജറ്റ് വിഹിതമായി അനുവദിച്ച 8.45 കോടി രൂപ പൂർണമായും ചെലവഴിച്ച് 100 ശതമാനം ലക്ഷ്യം കൈവരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 86 നഗരസഭകളെ പിന്നിലാക്കി നീലേശ്വരം ഒന്നാമതായത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം.
ഉൽപാദന-സേവന-പശ്ചാത്തല മേഖലകളിലും പട്ടികജാതി വികസന പ്രവർത്തനങ്ങളിലും ഒരുപോലെ മുന്നേറ്റം നടത്താൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമായത്. പുതിയ നഗരസഭ ആസ്ഥാനമന്ദിരം നിർമാണം, വിവിധ റോഡുകളുടെ നിർമാണവും പുനരുദ്ധാരണവും, ആധുനിക വാതക ശ്മശാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കുടിവെള്ളപദ്ധതികൾ, ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ഉറവിട മാലിന്യ സംസ്കരണം, മാലിന്യ സംസ്കരണ പ്ലാന്റ് നവീകരണം, ചിറപ്പുറം സ്റ്റേഡിയത്തിൽ വനിത ബാസ്കറ്റ്ബാൾ കോർട്ടും ഷട്ടിൽ കോർട്ടും, പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം, ആയോധനകല പരിശീലനം തുടങ്ങിയവ നടപ്പാക്കി.
കായികരംഗത്തെ പദ്ധതികൾ, ഡ്രെയിനേജ് പ്രവൃത്തികൾ, കാർഷിക മേഖലയിൽ ജൈവവളം വിതരണം, ഉൽപാദന ബോണസ് വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്.
പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ, നഗരസഭ എൻജിനീയർ വി.വി. ഉപേന്ദ്രൻ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് ഈ മികച്ച നേട്ടത്തിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.