നീലേശ്വരം ഹൈവേ-തെരു റോഡ് ജങ്ഷൻ അടച്ചിട്ടു
text_fieldsനീലേശ്വരം: നീലേശ്വരം ഹൈവേ - തെരു റോഡ് ജങ്ഷൻ കവാടം ദേശീയപാത അതോറിറ്റി അധികൃതർ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. തെരു റോഡിൽനിന്ന് ഹൈവേയിലേക്ക് ഇറങ്ങുന്ന റോഡ് പൂർണമായും തകർന്നതിനാൽ കൂടുതൽ അപകടം വരാതിരിക്കാനാണ് അടച്ചിട്ടത്. റോഡിൽനിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടത്തിൽപെട്ടിരുന്നു. ഹൈവേ വികസനത്തിന്റെ ഭാഗമായി സർവിസ് റോഡ് കടന്നുപോകുന്നതുകൊണ്ട് അപകടസാധ്യത കൂടുതലാണ്. ഹൈവേ റോഡിലെ വലിയ കുഴിയും വെള്ളക്കെട്ടും വാഹനയാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമായിരുന്നു. അപകടം തുടർക്കഥയായപ്പോൾ നീലേശ്വരം ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീർ കലക്ടർ കെ. ഇമ്പശേഖറിനെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. കലക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ബുധനാഴ്ച ഉച്ചക്ക് ശേഷം ദേശീയപാത ഉദ്യോഗസ്ഥർ എത്തി റോഡ് ജങ്ക്ഷൻ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയായിരുന്നു.
ഹൈവേയിൽ ഓവുചാൽ നിർമാണം പൂർത്തിയാക്കി, സർവിസ് റോഡ് ടാർ ചെയ്ത് തെരു റോഡിന് സമാന്തരമായി ഉയർത്തിയാൽ മാത്രമേ ഗതാഗതം പുനരാരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് വാർഡ് കൗൺസിലർ ഇ. ഷജീർ അറിയിച്ചു.
തളിയിലമ്പലം റോഡ് തകർന്ന് തരിപ്പണമായി
നീലേശ്വരം: നഗരസഭയുടെ പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി തളിയിലമ്പലം റോഡ് തകർന്ന് തരിപ്പണമായി. ദേശീയ പാതയിൽനിന്ന് വരുന്ന ബസുകൾ മെയിൻ ബസാറിൽനിന്ന് തിരിച്ച് തളിയിലമ്പലം വഴി സ്റ്റാൻഡിലേക്ക് എത്തിച്ചേരുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. എന്നാൽ, ഭാഗികമായി തകർന്നിരുന്ന തളിയിലമ്പലം റോഡ് ഇപ്പോൾ പൂർണ തകർച്ചയിലെത്തി. കെ.എസ്.ആർ.ടി.സി മുതൽ മുഴുവൻ സ്വകാര്യ ബസുകളും നിരന്തരം സഞ്ചരിക്കുമ്പോൾ റോഡ് കൂടുതൽ തകരുകയാണ്.
വലിയ വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷി നിലവിലുള്ള റോഡിനില്ല. പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നതായി സമീപത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. കാനറ ബാങ്കിന് മുന്നിലുള്ള വലിയ കുഴി കൂടുതൽ അപകടസാധ്യതയുള്ളതാണ്. ടാറിങ് ഇളകി കുഴിയിൽ ചളിവെള്ളം കെട്ടിക്കിടക്കുമ്പോൾ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ കാൽനടക്കാരുടെ ദേഹത്ത് ചളിവെള്ളം തെറിപ്പിക്കുന്നതും ദുരിതമായി.
ഗതാഗത പരിഷ്കാരം നടപ്പാക്കുമ്പോൾ വലിയ വാഹനങ്ങൾ സഞ്ചരിക്കുമെന്നറിയുന്ന നഗരസഭ, മുൻകൂട്ടി ടാറിങ് പൂർണമായി നടത്തേണ്ടതായിരുന്നുവെന്ന് വ്യാപാരികളടക്കം ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.