നീലേശ്വരം നഗരസഭ ബജറ്റ്; നഗരകേന്ദ്രീകൃത വികസനത്തിന് ഊന്നൽ
text_fieldsനീലേശ്വരം: നഗര കേന്ദ്രീകൃത വികസനത്തിനും സേവന കാര്യക്ഷമതക്കും ഊന്നൽ നൽകി നീലേശ്വരം നഗരസഭ ബജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനും നഗരസഭ വൈസ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി അവതരിപ്പിച്ചു. 75.31 കോടി രൂപ വരവും 73.23 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.
വെള്ളിയാഴ്ച ശിലാസ്ഥാപനം നടത്തുന്ന പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന് ഒരു കോടി രൂപ അനുവദിക്കും. ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ഫർണിച്ചർ വാങ്ങുന്നതിന് 50 ലക്ഷം രൂപയും സ്മാർട്ട് ഓഫിസ് ആക്കി മാറ്റുന്നതിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനും 35 ലക്ഷം രൂപയും വകയിരുത്തി. നിലവിൽ നഗരസഭ ഓഫിസും കൃഷിഭവനും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് രണ്ട് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി. ലത, പി. ഭാർഗവി, കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറം, എ. ബാലകൃഷ്ണൻ, കെ.വി. ശശികുമാർ, അൻവർ സാദിഖ്, ടി.വി. ഷീബ, വിനു നിലാവ്, എം. ഭരതൻ, വി. അബൂബക്കർ, എം.കെ. വിനയരാജ്, വി.വി. ശ്രീജ, പി. സുഭാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.