വയോജന വിശ്രമകേന്ദ്രം വാഹന പാർക്കിങ് സ്ഥലമായി
text_fieldsനീലേശ്വരം: കേരള സാമൂഹിക സുരക്ഷമിഷൻ പദ്ധതിക്ക് കീഴിലുള്ള നീലേശ്വരം നഗരസഭ വയോമിത്രം ഓഫിസ് കേന്ദ്രം പ്രവർത്തനരഹിതം.
പഴയ മൃഗാശുപത്രി കെട്ടിടമാണ് വയോജന വിശ്രമകേന്ദ്രമാക്കി നഗരസഭ മാറ്റിയത്. നഗരത്തിലെത്തുന്ന വയോജനങ്ങൾക്ക് പകൽസമയം വിശ്രമിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ, ഇപ്പോൾ നഗരസഭ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും വിശ്രമിക്കാനുള്ള ഇടമായി ഇവിടം മാറി.
പ്രഫ. കെ.പി. ജയരാജൻ നഗരസഭ ചെയർമാനായിരിക്കെയാണ് ഇവിടെ വയോജനങ്ങൾക്ക് വിശ്രമിക്കാനായി കേന്ദ്രം അനുവദിച്ചത്. ആദ്യമൊക്കെ നൂറോളം വയോജനങ്ങൾ ഇവിടെ പകൽ വിശ്രമിക്കാൻ എത്തിയിരുന്നു. പിന്നീട് ഇവർക്ക് വിശ്രമിക്കാൻ ശരിയായ ഇരിപ്പിടമില്ലാത്തതിനാൽ ക്രമേണ വരുന്നവരുടെ അംഗബലം കുറഞ്ഞു. വയോമിത്രം ഓഫിസായും ഇത് പ്രവർത്തിച്ചിരുന്നു. ഇവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാസത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 11വരെ യോഗംചേരാനും തീരുമാനിച്ചിരുന്നു.
എന്നാൽ, വയോജനങ്ങൾ രാവിലെ വരുമ്പോഴേക്കും ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുൻഭാഗത്തായി നഗരസഭ ശുചീകരണ വാഹനങ്ങൾ നിർത്തിയിടുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ, ശുചീകരണത്തൊഴിലാളികളുടെ പണിയായുധങ്ങൾ സൂക്ഷിക്കാനും അവരുടെ വസ്ത്രങ്ങൾ മാറാനും മുറികൾ ഉപയോഗിക്കുന്നതായാണ് വയോജനങ്ങളുടെ ആക്ഷേപം.
ഇതുസംബന്ധിച്ച് വയോജനങ്ങൾ നഗരസഭ അധികൃതരോട് കാര്യം പറഞ്ഞെങ്കിലും കെട്ടിടം നഗരസഭയുടെ ആവശ്യങ്ങൾക്ക് വേണ്ടിവരുമെന്നും യോഗങ്ങൾ ചേരാൻ പുതിയ മൃഗാശുപത്രിക്ക് മുകളിലുള്ള അനക്സ് ഹാൾ ഉപയോഗിക്കണമെന്നുമായിരുന്നു നിർദേശം. ഇതനുസരിച്ച് രണ്ടോ മൂന്നോ യോഗങ്ങൾ വയോജനങ്ങൾ അനക്സ് ഹാളിൽ ചേർന്നപ്പോൾ ഇത് മൃഗാശുപത്രി കെട്ടിടമാണെന്നും യോഗം ചേരാൻ പാടില്ലെന്നും വയോജനങ്ങളെ അറിയിക്കുകയായിരുന്നു.
ഇപ്പോൾ വയോജനങ്ങൾ പകൽ വിശ്രമകേന്ദ്രത്തിൽ പോകാറില്ലെന്നും ഹാളിന് വാടക കൊടുത്താണ് യോഗം ചേരുന്നതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.