നീലേശ്വരം റെയിൽവേ ‘മാലിന്യങ്ങളുടെ’ സ്റ്റേഷൻ
text_fieldsനീലേശ്വരം: റെയിൽവേയുടെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുകയാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥലം.
25 ഏക്കറിലധികം വരുന്ന റെയിൽവേ സ്ഥലത്തിന്റെ തെക്കുഭാഗം റെയിൽ ട്രാക്ക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായി മാറി. റെയിൽവേ ട്രാക്കിനായി ഉപയോഗിക്കുന്ന ഉപയോഗശൂന്യമായ സ്ലീപ്പറുകൾ കുന്നോളം ഉയരത്തിൽ അട്ടിവെച്ചിരിക്കുകയാണ്. ഇത് കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറി. സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഇങ്ങനെ ഉപയോഗശൂന്യമായ സ്ലീപ്പറുകൾകൊണ്ട് നിറഞ്ഞിരിക്കുന്നത്.
ഇവിടെനിന്ന് സ്ലീപ്പറുകൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കരിന്തളത്ത് റെയിൽവേ പാട്ടത്തിനെടുത്ത സ്ഥലത്ത് എത്തിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റുകയാണ്. ലോറി നിറയെ സ്ലീപ്പറുകൾ കൊണ്ടുപോകുന്നത് തീരെ സുരക്ഷിതത്വം ഇല്ലാതെയാണ്.
ഇത് വലിയ അപകടം ഉണ്ടാക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ സുരക്ഷിതത്വമില്ലാതെ നിറയെ സ്ലീപ്പറുമായി തിരക്കുപിടിച്ച റെയിൽവേ സ്റ്റേഷൻ റോഡ് വഴി നീലേശ്വരം മേൽപാലത്തിന് മുകളിൽ കൂടിയാണ് കൊണ്ടുപോകുന്നത്. കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളിൽ പോകുന്നവർക്കും ലോറിയിൽനിന്ന് സ്ലീപ്പറുകൾ തെറിച്ചുവീണാൽ വൻ അപകടം തന്നെ സംഭവിക്കും.
കുറച്ച് മാസം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിൽ ലോറിയിൽനിന്ന് സ്ലീപ്പറുകൾ വീണിരുന്നു. നിരന്തരം ലോറികളിൽ കൊണ്ടുപോകുന്നത് പകൽ സമയങ്ങളിൽ പൂർണമായും ഒഴിവാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. നടന്നുപോകുന്ന വഴിയിൽ ലോറി പോകുന്നതുമൂലം ഇപ്പോൾ ചളിപുരണ്ട് കിടക്കുകയാണ്.
ഇത് ചവിട്ടിയാണ് ആളുകൾ നടന്നുപോകുന്നത്. റെയിൽവേ സ്റ്റേഷന്റെ ഒരുഭാഗം പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിക്കുന്ന വഴിയാണ്.
റെയിൽവേയുടെ സ്ഥലമാണെങ്കിലും 40ഓളം കുടുംബങ്ങൾ നീലേശ്വരം നഗരത്തിൽ എത്തിച്ചോരാൻ ഈ വഴിയാണ് ആശ്രയിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ റോഡും തട്ടാച്ചേരി വാർഡിലെ റോഡും തമ്മിൽ ബന്ധിപ്പിച്ചാൽ റെയിൽവേ യാത്രക്കാർക്കും നാട്ടുകാർക്കും ഉപകാരപ്രദമാകും.
ഇതിന് ജനപ്രതിനിധികൾ തയാറാകണമെന്ന് തട്ടാച്ചേരി വാർഡ് കൗൺസിലർ പി. വത്സല ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.