നീലേശ്വരം താലൂക്ക് യാഥാർഥ്യമാകുമോ?
text_fieldsനീലേശ്വരം: ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകൾ വിഭജിച്ച് നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ രണ്ട് താലൂക്കുകൾ നിലവിലുള്ളപ്പോൾ എട്ടു പഞ്ചായത്തുകളും ഒരു നഗരസഭയുമുള്ള തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്കുപോലുമില്ല.
പ്രഥമ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ജയിച്ചത് നീലേശ്വരം മണ്ഡലത്തിൽ നിന്നായിരുന്നു. നീലേശ്വരത്തെ ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, സർവകലാശാല കാമ്പസ്, കാർഷിക സർവകലാശാല എന്നുവേണ്ട എല്ലാ സൗകര്യങ്ങളുമുള്ള നീലേശ്വരത്തെ ഒരു താലൂക്കായി പരിഗണിച്ച് രൂപവത്കരിക്കണമെന്നാവശ്യം ഇപ്പോഴും ശക്തമാണ്. രാജ്മോഹൻ ഉണ്ണിത്താർ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ എ, എം. രാജഗോപാലൻ എം.എൽ.എ എന്നീ ജനപ്രതിനിധികൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തിയാൽ നീലേശ്വരം താലൂക്ക് എന്ന സ്ഥപ്നം യാഥാർഥ്യമാകും. തൃക്കരിപ്പൂർ മണ്ഡലത്തിലെ ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകൾ വെള്ളരിക്കുണ്ട് താലൂക്കിൽ നിലനിർത്തി നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിച്ചാൽ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. മുമ്പ് ജില്ലയുടെ വികസനത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സി.എച്ച്. ദാമോദരൻ നമ്പ്യാർ കമീഷൻ, എം.കെ. വെളോടി കമീഷൻ ചന്ദ്രഭാനു കമീഷൻ തുടങ്ങി മൂന്ന് കമീഷനുകളും നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കമെന്ന് നിർദേശിച്ചിരുന്നു.
ഇതിൽ സി.എച്ച്. ദാമോദരൻ കമീഷൻ താലൂക്ക് രൂപവത്കരിക്കുന്നതിന് നീലേശ്വരത്ത് തെളിവെടുപ്പ് നടത്തിയപ്പോൾ അന്നത്തെ എം.എൽ.എ ടി.കെ. ചന്ദന്റെ നേതൃത്യത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി ഹാജരായി തെളിവുകൾ നൽകിയിരുന്നു. 1984ൽ നീലേശ്വരത്ത് സർവകക്ഷി കർമസമിതിയും രൂപവത്കരിച്ചിരുന്നു. നീണ്ട വർഷങ്ങൾക്കുശേഷം 2005 മാർച്ച് 21ന് നീലേശ്വരം താലൂക്ക് രൂപവത്കരണ ആക്ഷൻ കമ്മിറ്റി യോഗം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.