നീലേശ്വരം താലൂക്ക് ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ
text_fieldsനീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യം വേണമെന്ന ആവശ്യം ശക്തമായി. ആശുപത്രിക്ക് സമീപത്തെ തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ 154 പേരിൽ ഒരാൾക്കുപോലും നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. പൊള്ളലേറ്റവരെ അവിടെ എത്തിക്കാൻ രക്ഷാപ്രവർത്തകർക്കും തോന്നിയില്ല. ആശുപത്രിക്ക് വലിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും ആധുനിക ചികിത്സ ഉപകരണങ്ങൾ ഇവിടെയില്ല. അപ്രതീക്ഷിത ദുരന്തമുണ്ടായാല്‍ ദുരന്തത്തിനിരയായവര്‍ക്ക് വിദഗ്ധ ചികിത്സ നല്കാന് മാത്രം നീലേശ്വരത്തിന്റെ ചികിത്സ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. പോരോലിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഒരു സൗകര്യവും നിലവിലില്ല.
വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റവരുമായി അര്‍ധരാത്രിയില്‍ ആംബുലന്‍സിലുള്ള നെട്ടോട്ടത്തിൽ, താലൂക്ക് ആശുപത്രിയിൽ ഒരു സംവിധാനവും ഇല്ലാത്തതിനാൽ നീലേശ്വരത്തെ രണ്ട് സഹകരണ ആശുപത്രികളിൽ എത്തിച്ചാണ് പ്രാഥമിക ചികിത്സ നല്‍കിയത്. ചിലരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സംയോജിതമായി ഇടപെട്ട് നിസ്സാര പൊള്ളലേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്കി. ഗുരുതര പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ആവശ്യമായവരെ കണ്ണൂരിലെയും മംഗളൂരുവിലെയും ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് മുഴുവന്‍ ജില്ലയുടെ അതിര്ത്തിവിടേണ്ടി വന്നു. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനായി ബേണ്‍ ഐ.സി.യു സംവിധാനം ജില്ലയില്‍ ഇല്ലാത്തതായിരുന്നു പ്രധാന കാരണം. പ്ലാസ്റ്റിക് സര്‍ജറിക്കൊപ്പം രോഗിയുടെ നില മെച്ചപ്പെടുന്ന ഘട്ടത്തില്‍ സ്കിന്‍ ഗ്രാഫ്റ്റിങ്ങും നടത്തണം. കണ്ണൂരിലും മംഗളൂരുവിലുമാണ് ഏറ്റവും അടുത്ത് ബേണ്‍ ഐ.സി.യു സംവിധാനമുള്ള ആശുപത്രികള്‍ ഉള്ളത്. അപകടമുണ്ടായാലും അത്യാഹിതം സംഭവിച്ചാലും മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളാണ് ഇപ്പോഴും ജില്ലയിലുള്ളവര്‍ക്ക് ആശ്രയം. അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി മംഗളൂരുവിലെത്തണം. പേരിന് മാത്രം നിര്‍മിച്ചുവെച്ച കാസര്‍കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ണമായ ചികിത്സ സൗകര്യങ്ങള്‍ എന്ന് നടപ്പാവും എന്ന കാര്യത്തില്‍ അധികാരികള്‍ക്ക് പോലും ഉറപ്പില്ല.
എട്ടോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഗൈനക്കോളജിസ്റ്റ്, ഇ.എൻ.ടി, ത്വക് രോഗം, എല്ല് രോഗ വിദഗ്ധൻ, തുടങ്ങി സ്ഥിരമായി ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികൾക്ക് വിനയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.