തോട്ടം അടിപ്പാത അടച്ചിട്ടു; യാത്രക്കാർ പെരുവഴിയിൽ
text_fieldsനിടുങ്കണ്ട തോട്ടം അടിപ്പാത റോഡ് അടച്ചിട്ട നിലയിൽ
നീലേശ്വരം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ട്രാഫിക് പരിഷ്കാരം മൂലം തീരദേശവാസികൾ പെരുവഴിയിലായി. നിലവിലുണ്ടായിരുന്ന തോട്ടം അടിപ്പാത അടച്ചതോടെയാണ് നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായത്. നിലവിൽ സർവിസ് നടത്തിയ നിടുങ്കണ്ട റോഡ് അടച്ചിട്ടു. പകരം, പുതിയ ഉയരംകൂടിയ പാതയിൽ കൂടിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്.
ഇത് തോട്ടം ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നവർക്ക് പൊല്ലാപ്പായി. നിലവിൽ തോട്ടം അടിപ്പാത വഴിയാണ് തീരദേശ ഭാഗത്തേക്ക് നടന്നും വാഹനങ്ങളിലും പോയിരുന്നത്. ഈ വഴി അടച്ചതോടെ പടന്നക്കാട് കാർഷിക കോളജിന് മുന്നിൽ ബസിറങ്ങി 100 മീറ്ററോളം ദൂരം പിറകിലോട്ട് നടന്നുവേണം തൈക്കടപ്പുറം റോഡിലേക്ക് എത്താൻ. ഇത് വിദ്യാർഥികൾക്കും രാവിലെ ജോലിക്ക് പോകുന്നവർക്കും ദുരിതമായി. ദേശീയപാത അധികൃതരുടെ ഈ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പകരം സംവിധാനം കാണാനോ തോട്ടം അടിപ്പാത തുറന്ന് വാഹനങ്ങൾ കടത്തിവിടാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സി.ഐ.ടി.യു ജില്ല നേതാവ് വെങ്ങാട് ശശി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.