ദേശീയപാത വികസനം: നീലേശ്വരത്ത് പുതിയ പാലം
text_fieldsനീലേശ്വരം: ദേശീയപാത വികസനത്തിെൻറ ഭാഗമായി നീലേശ്വരം പുഴയിൽ പുതിയ പാലം നിർമിക്കുന്നു. ഇതിന് മുന്നോടിയായി പുഴയിൽ മണ്ണ് പരിശോധന തുടങ്ങി. നിലവിലെ പാലത്തിന് ഇരുവശത്തും ദിവസങ്ങളായി ഇതിെൻറ സന്നാഹങ്ങൾ നടന്നുവരുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ പരീക്ഷണ പൈലിങ് തുടങ്ങി. 1957ൽ ഇ.എം.എസ് സർക്കാറിെൻറ കാലത്ത് പണിത പാലമാണ് നിലവിലുള്ളത്. പാലത്തിെൻറ ബലക്ഷയം സംബന്ധിച്ച് നേരത്തെ പരാതികളും ഉയർന്നിരുന്നു. 29 വർഷത്തിനിടക്ക് 1996ൽ പാലം അടിമുടി ബലപ്പെടുത്തിയിരുന്നു. പാലത്തിെൻറ തൂണുകളിലെയും പാർശ്വഭിത്തികളിലെയും വിള്ളലുകൾ ചൂണ്ടിക്കാട്ടി വീണ്ടും പരാതി ഉയർന്നതോടെ ഒരു തവണകൂടി തൂണുകൾ ബലപ്പെടുത്തി.
പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കവും ശബ്ദവ്യത്യാസവും അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ വർഷങ്ങളായി പരാതിപ്പെടാറുണ്ട്. ദേശീയപാത വികസിപ്പിക്കുമെന്നും റോഡ് ആറു വരിയാകുമ്പോൾ പുതിയ പാലം പണിയുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാൽ, ദേശീയപാത വികസനപ്രവൃത്തിക്കൊപ്പം പാലം പണിയും നീണ്ടുപോയി. നീലേശ്വരം പാലത്തിനൊപ്പം നിർമിച്ച കാര്യങ്കോട് പാലവും പാതയുടെ വികസനത്തിെൻറ ഭാഗമായി പുതുക്കിപ്പണിയുന്നുണ്ട്. ദേശീയപാത വികസനത്തിെൻറ രണ്ട് റീച്ചുകളുടെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് പൈലിങ് നടക്കുന്നത്.
ചട്ടഞ്ചാൽ മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗം ഉൾപ്പെടുന്ന ചട്ടഞ്ചാൽ നീലേശ്വരം, റെയിൽവേ ഗേറ്റ് കഴിഞ്ഞുള്ള ഭാഗം മുതൽ തളിപ്പറമ്പ് വരെ നീളുന്ന നീലേശ്വരം- തളിപ്പറമ്പ് റീച്ചുകളുടെ ചുമതലയാണ് ഈ കമ്പനിക്ക്. രണ്ട് റീച്ചുകളിലായി തെക്കിൽ, നീലേശ്വരം, കാര്യങ്കോട്, പെരുമ്പ, കുപ്പം എന്നിങ്ങനെ അഞ്ച് മേജർ പാലങ്ങളാണ് പണിയേണ്ടത്.
തലപ്പാടി- ചട്ടഞ്ചാൽ എന്ന മറ്റൊരു റീച്ച് കൂടി ദേശീയപാത വികസനത്തിനുണ്ട്. നീലേശ്വരം- തളിപ്പറമ്പ് റീച്ചിൽ അഞ്ചു കിലോമീറ്റർ മാത്രമാണ് ജില്ലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.