നീലേശ്വരം ജ്വല്ലറി കവർച്ചശ്രമം: വിരലടയാളങ്ങൾ ലഭിച്ചു; പൊലീസ് അന്വേഷണം ഊർജിതം
text_fieldsനീലേശ്വരം: നീലേശ്വരം കോണ്‍വെൻറിനു സമീപത്ത് കുഞ്ഞിമംഗലം ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണെൻറ മേല്‍നോട്ടത്തില്‍ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്. കവര്‍ച്ച നടത്തിയ ജ്വല്ലറിയില്‍നിന്ന് അഞ്ച് വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിരലടയാളങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുക.
പുതിയ കട്ടിങ് മെഷീനും ഇലക്ട്രിക്കല്‍ ഗ്യാസ് സിലിണ്ടറുമാണ് കവര്‍ച്ചശ്രമത്തിനായി ഉപയോഗിച്ചത്. ഇതിെൻറ ബാച്ച് നമ്പറുകളും മറ്റും മോഷ്ടാക്കള്‍ നശിപ്പിച്ചിരുന്നു. ജ്വല്ലറിയില്‍ നിന്നും കോണ്‍വെൻറിന്‍റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. തത്സമയം തന്നെ പൊലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയിട്ടും രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് മേല്‍പാലത്തിനും കോണ്‍വെൻറ് ജങ്ഷനുമിടയില്‍ മഹാമായ ഹോട്ടലിനു മുന്നിലെ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെ.എം. ജനാര്ദനെൻറ ഉടമസ്ഥതയിലുള്ള ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമം നടന്നത്. എന്നാല്‍, ഇത് സെക്യൂരിറ്റി ജീവനക്കാരനായ പുതുക്കൈയിലെ സി.വി. സുരേഷ് കണ്ടതോടെയാണ് കവര്‍ച്ചശ്രമം പാളിയത്. സംഭവം കണ്ടയുടന്‍ സുരേഷ് ഒച്ചവെച്ചപ്പോള്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ സജിയും നവജീവനം ആംബുലന്‍സ് ഡ്രൈവര്‍ അനിലും തേജസ്വിനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നിശാന്തും ഓടിയെത്തിയപ്പോഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.കവര്‍ച്ചക്കാരെ ഉടന്‍ വലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ പറഞ്ഞു.
കവർച്ച തടഞ്ഞ യുവാക്കളെ ആദരിച്ചു
നീലേശ്വരം: ജ്വല്ലറിയിൽ നടന്ന മോഷണശ്രമം തടഞ്ഞ നാല് യുവാക്കളെ വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാര വിതരണം നടത്തി. പ്രസിഡൻറ് കെ.വി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജ്വല്ലറി സെക്യൂരിറ്റി സുരേശൻ, ആംബുലൻസ് ഡ്രൈവർമാരായ അനിൽ, സജി, തേജസ്വിനി ഹോസ്പിറ്റൽ സെക്യൂരിറ്റി നിശാന്ത് എന്നിവരെയാണ് ആദരിച്ചത്. ഡാനിയേൽ സുകുമാർ ജേക്കബ്, ട്രഷറർ എം. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.