നീലേശ്വരം പള്ളിക്കര സ്ഫോടനം; അന്വേഷണം ഊർജിതമാക്കി
text_fieldsനീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കലിൽ ആൾതാമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടയിൽ സ്ഫോടനം നടന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിക്കര കുഞ്ഞിപുളിക്കലിലെ ലതികയുടെ പേരിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുനീക്കുമ്പോഴാണ് വെള്ളിയാഴ്ച രാവിലെ 11.15ന് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീടും പരിസരവും കാസർകോട് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പൊലീസ് സയൻറിഫിക് വകുപ്പ് എന്നീ സംഘങ്ങൾ പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് സ്ഫോടനാവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു.
കൂടുതൽ പരിശോധനക്കായി ചീളുകൾ ഫോറൻസിക് ലാബിലേക്കയച്ചു. ഏതുതരത്തിലുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാബ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കാൻ പറ്റൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ കെ.പി. സതീഷ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നിർമിച്ച് സ്ഫോടനം നടത്താൻ സൂക്ഷിച്ചതാണോ എന്നും തീവ്രവാദ ബന്ധങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്നും എസ്.ഐ സതീഷ് പറഞ്ഞു.
വീട് പൊളിക്കുന്നതിനിടയിൽ കുഞ്ഞിപുളിക്കലിലെ നാരായണന് സ്ഫോടനത്തിൽ കാലിന് പരിക്കേറ്റിരുന്നു. വീട് പൊളിച്ച് നീക്കുന്നതിനിടയിൽ കാണപ്പെട്ട വസ്തു പുറത്തേക്ക് കാലുകൊണ്ട് തട്ടിമാറ്റുന്നതിനിടയിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.